പാനൂർ:(www.panoornews.in) പാനൂർ പെരിങ്ങത്തൂരിന് നടുത്ത് കിടഞ്ഞിയിൽ കുളത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന രണ്ട് വിദ്യാർത്ഥികൾക്ക് രക്ഷകരായി ഹൈസ്കൂൾ വിദ്യാർത്ഥികൾ.


കിടഞ്ഞിയിലെ ചീരോത്ത് ഹനീഫയുടെ മകൻ അഹ്നഫിനും കൂവ്വയിൽ സമീറിൻ്റെ മകൻ മുഹമ്മദ് സയാനുമാണ് കരിയാട് നമ്പ്യാർസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളായ ഹൃദു നന്ദിൻ്റെയും ശ്രീഹരിയുടെയും ധൈര്യം തുണയായത്.
എൻ എ എം ഹയർ സെക്കന്ററിസ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി അഹ്‌നഫും, കിടഞ്ഞി യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി സയാനും കഴിഞ്ഞ അവധി ദിനത്തിൽ കുളത്തിൽ കുളിക്കാനായി എത്തിയതായിരുന്നു.
സയാനായിരുന്നു ആദ്യം മുങ്ങിയത്. സയാനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അഹ്‌നഫ് മുങ്ങിയത്. ഇതോടെ ഇവർക്കൊപ്പം ഉണ്ടായിരുന്ന സഹപാഠി നിലവിളിക്കുകയായിരുന്നു.
കുളത്തിന്റെ പരിസരത്തു കളിച്ചു കൊണ്ടിരുന്ന ഹൃദു നന്ദും, ശ്രീഹരിയും ശബ്ദം കേട്ട് ഓടിയെത്തി. മറ്റൊന്നും ചിന്തിക്കാതെ കുളത്തിൽ ചാടി മുങ്ങി താഴുകയായിരുന്ന അഹ്നഫിനെയുംസയാനെയും ഇരുവരും ചേർന്ന് കരക്കെത്തിക്കുകയായിരുന്നു.
തങ്ങൾ ചെയ്ത ധീര പ്രവൃത്തിയെ കുറിച്ച് ഇരുവരും ആരോടും പറഞ്ഞില്ലെങ്കിലും, പിന്നീടാണ് നാടറിഞ്ഞത്. കിടഞ്ഞി മഹല്ല് കമ്മിറ്റി ഒരുക്കിയ ആദരിക്കൽ ചടങ്ങിൽ ഹൃദു നന്ദിനെയും, ശ്രീഹരിയെയും അനുമോദിച്ചു.
സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ. സൈനുൽ ആബിദീൻ ഇരുവർക്കും അയ്യായിരം രൂപ കേഷ് അവാർഡ് പ്രത്യേകമായി നൽകി. കൂടെ പ്രായപൂർത്തിയായാൽ ഒരു വിനോദയാത്രയും വാഗ്ദാനം ചെയ്തു.
ഉദ്ഘാടന ചടങ്ങിനത്തിയപ്പോഴാണ് സൈനുൽ ആബിദീൻ വിദ്യാർത്ഥികൾ ചെയ്ത ധീരപ്രവൃത്തിയെ കുറിച്ച് അറിയുന്നത്. തങ്ങളുടെ ജീവൻ പോലും വകവെയ്ക്കാതെ വിദ്യാർത്ഥികളെ രക്ഷിച്ച ഇരുവരെയും സൈനുൽ ആബിദ് ചേർത്ത് പിടിക്കുകയായിരുന്നു.
Hrid Nandum and Srihari with God's hands;Muhammad Sayan drowned in a pond in Peringathur, Ahnaf also got a new life, expatriate businessman Zainul Abiddin was caught by his rescuers.
