കൂത്തുപറമ്പ്: അംഗത്വ പ്രചാരണം പൂർത്തിയായതോടെ കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗിൽ വിഭാഗീയത രൂക്ഷമായി. ഏഴിന് നടക്കുന്ന മണ്ഡലം കൗൺസിൽ യോഗത്തിൽ മത്സരം ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയുടെ നേതൃത്വത്തിലുളള ഔദ്യോഗിക വിഭാഗത്തിനെതിരേ ശക്തി തെളിയിക്കാനൊരുങ്ങുകയാണ് മറുപക്ഷം. തുടർച്ചയായി മൂന്നുതവണ പ്രസിഡൻറായതിനാൽ പൊട്ടങ്കണ്ടി അബ്ദുള്ളയ്ക്ക് പദവിയിൽ തുടരാനാവില്ല.



നിലവിലെ വൈസ് പ്രസിഡന്റ് പി.പി.എ. സലാമിന്റെ പേരാണ് ഔദ്യോഗികപക്ഷം ഉയർത്തിക്കാട്ടുന്നത്. മുൻ സംസ്ഥാന യൂത്ത് ലീഗ് ഖജാൻജിയും നിലവിലെ മണ്ഡലം ഖജാൻജിയുമായ പി.പി.എ. ഹമീദ് മറുപക്ഷത്തെ സ്ഥാനാർഥിയായേക്കും. നിലവിൽ ജനറൽ സെക്രട്ടറിയായ പി.കെ. ഷാഹുൽ ഹമീദിനെത്തന്നെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗികവിഭാഗം രംഗത്തിറക്കും. മറുവിഭാഗം എൻ.എ. കരീമിനെ മത്സരിപ്പിക്കാനാണ് സാധ്യത. മത്സരരംഗത്തുനിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ഇരു വിഭാഗത്തിനുമെന്നാണ് അറിയാൻ കഴിഞ്ഞത്. പുതിയ മ
ണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുക്കേണ്ട മണ്ഡലം കൗൺസിലർമാരുടെ പട്ടികയിൽ വ്യാപകമായ വെട്ടിനിരത്തൽ പൊട്ടങ്കണ്ടി വിഭാഗം നടത്തിയതായി മറു വിഭാഗം ആരോപിക്കുന്നുണ്ട്.
ശാഖാ കമ്മിറ്റികളുടെ തീരുമാനമുണ്ടായിട്ടും കെ.കെ. സൈനുൽ ആബിദ് (മിഡിൽ ഈസ്റ്റ് ചന്ദ്രിക ഡയറക്ടർ), അടിയോട്ടിൽ അഹമ്മദ് (മിഡിൽ ഈസ്റ്റ് ചന്ദ്രിക ഡയറക്ടർ), എ.പി. ഇസ്മായിൽ, പി.വി.കെ. ഹാരിസ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യൂനുസ് പട്ടാടം, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നൗഫൽ പനോൾ, വൈസ് പ്രസിഡന്റ് സുബൈർ തെക്കയിൽ, ഒ.പി. മഹമൂദ്, ടി.കെ. ഹാരിസ് തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയെന്നാണ് ഇവരുടെ പരാതി.
ഗ്രൂപ്പ് മാത്രം പരിഗണിച്ച് കൗൺസിൽ പട്ടിക തയ്യാറാക്കി എന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നുവന്നിട്ടുണ്ട്. ഇത്തരം നിലപാടിൽ പ്രതിഷേധിച്ച് ഒലിപ്പിൽ ശാഖാ കമ്മിറ്റി ഭാരവാഹികൾ രാജി നൽകിയതായാണ് വിവരം. അതേസമയം പാർട്ടി ഭരണഘടന അനുശാസിക്കുന്ന രീതിയിലാണ് കൗൺസിലർമാരെ തിരഞ്ഞെടുത്തെതെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട്.
Sectarianism is fierce in the Muslim League of Koothparam constituency;
