(www.panoornews.in)കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ തൃപ്പങ്ങോട്ടൂർ - കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പത്തായക്കല്ല് പാലം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. ലോകോത്തര നിലവാരമുള്ള പൊതുമരാമത്ത് റോഡുകളുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്നും ബിഎംബിസി റോഡുകൾ അധിക ചെലവ് നൽകി സർക്കാർ നിർമിക്കുന്നതിനാൽ മഴയെ അതിജീവിച്ച് എട്ടു വർഷത്തോളം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി. മോഹനൻ എം എൽ എ അധ്യക്ഷനായി.വടക്കേ പൊയിലൂർ - കുഴിക്കൽ- സെൻട്രൽ പൊയിലൂർ റോഡിന് 3.57 കോടി രൂപയുടെ കൂടി ഭരണാനുമതി ലഭിച്ചതായും 10 കോടി രൂപയുടെ ആദ്യ ഘട്ട പ്രവൃത്തി സെപ്റ്റബറിൽ ആരംഭിക്കാനാവുമെന്നും എംഎൽഎ അറിയിച്ചു.


വീതി കുറഞ്ഞ പഴയ പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്താണ് വീതി കൂടിയ പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. 2.28കോടിയോളം രൂപ ചിലവഴിച്ച് നിർമ്മിച്ച പാലത്തിന് 21.20 മീറ്റർ നീളമാണുള്ളത്. ഇരുഭാഗങ്ങളിലും1.50 മീറ്റർ വീതിയിൽ നടപ്പാതയുൾപ്പെടെ ആകെ 11 മീറ്റർ വീതിയുമുണ്ട്. പാലത്തിൻ്റെ അടിത്തറയ്ക്ക് പൈൽ ഫൗണ്ടേഷനാണ് നൽകിയിട്ടുള്ളത്. പാലത്തിൻ്റെ ഇരുവശത്തും 100 മീറ്റർ നീളത്തിൽ അനുബന്ധ റോഡുകളും, ആവശ്യമായ ഇടങ്ങളിൽ കോൺക്രീറ്റ് പാർശ്വഭിത്തിയും ഡ്രൈയിനേജും റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കണ്ണൂർ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപ വിഭാഗം അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ കെ. ഉമാവതി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സി ബിനോയ്, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സക്കീന തെക്കയിൽ, കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കെ ലത, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈറിന, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ഉഷ രയരോത്ത്, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലൻ കൊള്ളുമ്മൽ, തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് അംഗങ്ങളായ എ.കെ ഭാസ്കരൻ, ടി.കെ. ശങ്കരൻ മാസ്റ്റർ, എ.പി. നാണു, എ.പി. ഭാസ്കരൻ, ടി സായന്ത്, കെ.വി. അഹമ്മദ്, പി.പി. പവിത്രൻ, സജീവൻ യദുകുലം, മുകുന്ദൻ മാസ്റ്റർ, കെ.ടി. രാകേഷ്, കെ.പി. യൂസഫ് എന്നിവർ സംസാരിച്ചു.
Minister Muhammed Riyas says Kerala has become a state with world-class roads; dedicates Patthayakallu bridge connecting Thrippangottur - Kunnoth Paramba panchayats to the nation
