(www.panoornews.in)ചെറുവാഞ്ചേരി - കൊട്ടയോടി റോഡിൽ കലുങ്ക് തകർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. റോഡിൻ്റെ പകുതിയിലധികം ഭാഗം തകർന്ന് വൻഗർത്തം രൂപപ്പെട്ടതിനാൽ
ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം മുടങ്ങിയിരിക്കുകയാണ്. ചീരാറ്റ കുഞ്ഞിപള്ളി ചന്ദ്രോത്ത് മുക്ക് റോഡിലെ കലുങ്കാണ് പൊട്ടിപൊളിഞ്ഞത്. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് പൈപ്പിട്ട സ്ഥലത്തെ കലുങ്ക് പൂർണമായും അമരുകയായിരുന്നു. മരക്കമ്പ് കുത്തിയും ചുവന്ന തുണിയും ബാരിക്കേഡു വെച്ചും അപകട മുന്നറിയിപ്പ് സ്ഥാപിച്ചതിനാൽ ദുരന്തമൊഴിവായി.


കെ.പി.മോഹനൻ എംഎൽഎ ചൊവ്വാഴ്ച രാവിലെ സംഭവസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി. അപകടാവസ്ഥ ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ
എംഎൽഎ നിർദ്ദേശിച്ചതിനെ തുടർന്ന് പൊതുമരാമത്ത് റോഡുകൾ - അറ്റകുറ്റപ്പണികൾ വിഭാഗം ഉദ്യോഗസ്ഥരും ജല വിഭവ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്ത് യോഗം ചേർന്നിരുന്നു.
കലുങ്കിൻ്റെ അപകടാവസ്ഥ സംബന്ധിച്ച് ജൂലായ് 18 ന് എംഎൽഎ ഓഫീസിൽ ചേർന്ന പൊതുമരാമത്ത് - ജലവിഭവ വകുപ്പ് തല പ്രവൃത്തി അവലോകന യോഗത്തിൽ ചർച്ചയായിരുന്നു. ലോറികളും
ബസ്സുകളുമുൾപ്പടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന ഈ റോഡിൽ ശക്തമായി വെള്ളമൊഴുകുന്നതുമാണ്.
പുതിയ കലുങ്ക് നിർമ്മിക്കുന്നതിനുള്ള അടങ്കൽ പൊതുമരാമത്ത് വിഭാഗം തയ്യാറാക്കിയിട്ടുണ്ട്.
റോഡ് ഗതാഗത യോഗ്യമാക്കുന്നത് വരെ ചെറു വാഹനങ്ങൾ പാറേമ്മൽ പീടിക - കുന്നിന് താഴെ മദ്രസ റോഡ് വഴിയും, വലിയ വാഹനങ്ങൾ ചെറുവാഞ്ചേരി കല്ലുവളപ്പ്
ശ്രീനാരായണമഠം റോഡ് വഴി മരപ്പാലം -ചെറുവാഞ്ചേരി റോഡ് വഴിയും പോകേണ്ടതാണെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. പാട്യം പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഫായിസ് അരൂൾ, വാർഡ് മെമ്പർ കെ.കെ.സമീർ, റോഡ് മെയിൻ്റനൻസ് വിഭാഗം എക്സി.എൻജീനീയർ ടി.കെ.ഷിബുജാൻ, അസി.എക്സി.
എൻജീനീയർ ഡി.ബിന്ധ്യ, അസി.എൻജീനീയർ പി.എം.ധന്യ, പാനൂർ റോഡ്സ് അസി.എൻജീനീയർ കെ.പി.പ്രദീപൻ, ജലവിഭവവകുപ്പ് അസി.എക്സി.
എൻജീനീയർ ഷെൻലി ജോസഫ്, അസി.എൻജീനീയർ സി.അതുൻ, ഓവർസിയർമാർ എന്നിവർ സംബന്ധിച്ചു.
Culvert collapses at Cheerata on Cheruvanchery-Kottayodi road following Jaljeevan Mission excavation; KP Mohanan MLA and officials reach the spot
