(www.panoornews.in)പന്തക്കലിൽ വീട്ടിൽ ജോലിക്ക് നിന്ന ഹോം നേഴ്സിൻ്റെ സഹായത്തോടെ 25 പവൻ സ്വർണാഭരണം കവർന്ന കേസിൽ ഹോം നഴ്സിൻ്റെ ഭർതൃ സഹോദരൻ അറസ്റ്റിൽ.
ആറളം സ്വദേശിനിയായ ഹോം നേഴ്‌സിനേയും, ഭർത്താവിനേയും പിടികൂടാൻ തിരച്ചിൽ ഊർജിതമാക്കി.


മാഹി സി.ഐ. അനിൽ കുമാറും സംഘവും അടങ്ങുന്ന അന്വേഷണ സംഘമാണ് ആറളം വെള്ളിമാനം കോളനിയിലെ പനച്ചിക്കൽ ഹൗസിലെ അനിയൻ ബാവ എന്ന പി.ദിനേഷ് (23) നെ ആറളത്ത് വെച്ച് തിങ്കളാഴ്ച വൈകീട്ട് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മോഷണം നടന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഒരു പ്രതിയെ പിടികൂടികൂടാനായത് പൊലീസിന് നേട്ടവുമായി.
പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ കോട്ടേഴ്സിലെ താഴത്തെ നിലയിൽ താമസിക്കുന്ന രമ്യയുടെ വീട്ടിൽ സൂക്ഷിച്ച സ്വർണ്ണമാണ് കളവ് പോയത്.
രമ്യ കോടിയേരി മലബാർ കാൻസർ സെൻ്ററിലെ നേഴ്സ് ആണ്. ഇവർ ആലപ്പുഴ സ്വദേശിനിയാണ്.ഇവർക്ക് 2 ചെറിയ കുട്ടികളുണ്ട്. ജോലിക്ക് പോകുമ്പോൾ കുട്ടികളെ പരിപാലിക്കാൻ ഹോം നേഴ്‌സിനെ ആവശുമായി വന്നു - തലശ്ശേരി മിത്രം ഏജൻസിയെ സമീപിച്ച് ഹോം നേഴ്‌സിനെ ഏർപ്പാടാക്കുകയായിരുന്നു.
ആറളം സ്വദേശിനി ഷൈനിയാണ് (29) ജോലിക്കായി രമ്യയുടെ വീട്ടിലെത്തിയത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഷൈനിയുടെ പെരുമാറ്റം ഇഷ്ടമാകാത്തതിനാൽ വീണ്ടും ഏജൻസിയെ സമീപിച്ച് കുറച്ച് പ്രായം ചെന്ന ഹോം നേഴ്സിനെ ഏർപ്പാടാക്കി തരുവാൻ ആവശ്യപ്പെട്ടു. രമ്യയുടെ ഭർത്താവ് ഷിബുകുമാർ കൊല്ലത്താണ് ജോലി ചെയ്യുന്നത്.രണ്ട് ചെറിയ കുട്ടികളുമായിട്ടാണ് രമ്യ വാടക വീട്ടിൽ താമസിക്കുന്നത്.
ഇതിനിടെ ജോലിക്ക് വന്ന ഷൈനി ജോലി മതിയാക്കി ആറളത്തേക്ക് തിരിച്ചു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുന്നെ ഷൈനി തന്ത്രപൂർവ്വം വീട്ടിൻ്റെ താക്കോൽ കൈക്കലാക്കിയിരുന്നു. മറ്റൊരു താക്കോൽ കുടി ഉള്ളതിനാൽ വീട്ടുകാർ അത്ര കാര്യമാക്കിയില്ല.
ശനിയാഴ്‌ച്ച ഇവർ കാൻസർ സെൻ്ററിലേക്ക് കുട്ടികളെ അടുത്ത വീട്ടിലാക്കി ഡ്യൂട്ടിക്കായി പോയി. അന്ന് രാത്രിയാണ് മോഷണം നടന്നത്. ഹോം നേഴ്സിൻ്റെ കൂട്ടാളികളായ പിടിയിലായ ദിനേഷ് എന്ന അനിയൻ ബാവയും, ചേട്ടൻ ബാവ ദിലിപ് എന്നിവരും ഷൈനി നൽകിയ താക്കോൽ ഉപയോഗിച്ച് സ്വർണ്ണാഭരങ്ങൾ കവരുകയായിരുന്നു.കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം വാതിൽ പൂട്ടി താക്കോൽ ജനവാതിലിലൂടെ അകത്തേക്ക് ഇട്ടെന്നും മാഹി സി.ഐ.അനിൽ കുമാർ പറഞ്ഞു.
രമ്യയുടെ പരാതിയിൽ മാഹി പോലീസ് 3 സ്ക്വാഡായി ഹോം നേഴ്സിനെ ചുറ്റിപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചു. ആറളത്തെ അന്വേഷണത്തിൽ പ്രതികളിലൊരാളായ ദിനേഷിനെ സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഷൈനിയുടെ വീടിൻ്റെ പിൻവശത്ത് കുഴിയെടുത്ത് 15 പവൻ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കുഴിയെടുത്ത സ്ഥലം കാണാതിരിക്കാൻ ഇതിന് മേലെ ബക്കറ്റ് കമിഴ്ത്തി വെച്ചിരുന്നു.
മറ്റു രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പ്രതികൾ ഉടൻ പിടിയിലാകുമെന്നും സി.ഐ. പറഞ്ഞു. ബാക്കി 10 പവൻ സ്വർണ്ണാഭരണങ്ങളും കണ്ടെത്തേണ്ടതുണ്ട്.പോലീസ് എത്തുമ്പോൾ ഷൈനിയും, ദിലീപും വീട് പൂട്ടി സ്ഥലം വിട്ടിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഇവരെ അന്വേഷണ സംഘം പിന്തുടരുന്നുണ്ട്.
മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ അന്വേഷണ സംഘത്തിൽ പള്ളുർ എസ്.ഐ. വി.പി.സുരേഷ് ബാബു, ക്രൈം എസ്.ഐ മാരായ.വി.സുരേഷ്, സുരേന്ദ്രൻ, എ.എസ്.ഐ.മാരായ വിനീഷ്, ശ്രീജേഷ്, സുജിത്ത്, വിനീത് എന്നിവരാണ് ഉണ്ടായിരുന്നത്.
അനിയൻ ബാവയുടെ പേരിൽ 16 ഓളം കേസുകൾ കേരളാ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അടിപിടി, മോഷണം എന്നീ കേസുകളാണ്. 2023 മുതൽ 24 വരെ കാപ്പ ചുമത്തി തൃശൂർ വിയ്യൂർ ജയിലിലടച്ചിരുന്നു. മോഷണ സംഘത്തിലെ ഈ സഹോദരങ്ങൾ കോപ്പാലത്ത് ബാറിൽ മദ്യപിക്കുവാൻ സ്ഥിരമായി എത്താറുള്ളതായി പോലീസ് പറഞ്ഞു. അനിയൻ ബാവ മദ്യത്തിനടിമയാണെന്നും മദ്യം കിട്ടാതാകുമ്പോൾ അക്രമ സ്വഭാവം കാട്ടുന്നയാളുമാണ്. അറസ്റ്റിലായ ദിനേഷ് എന്ന അനിയൻ ബാവയെ മാഹി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും സഞ്ചരിച്ച പൾസർ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
One arrested in case of theft of 25 rupees from the house of a nurse at Malabar Cancer Center in Panthakkal; Mahe police after home nurse and her husband who fled from their home
