(www.panoornews.in)സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി.
മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്. എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിലെ പ്രധാനവേദിയായ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്സിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു.
'കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുമ്പോൾ തന്നെ അത്തരം കാഴ്ചപ്പാടുകൾക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.' എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി.
25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും.
The capital is now witnessing an 'Anantha Pooram' of art; the state school art festival has begun.