(www.panoornews.in)നിർധനകുടുംബത്തിലെ യുവതിയുടെ പഠനചെലവ് വഹിക്കാമെന്ന് ഏറ്റശേഷം, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ തിരുവല്ല പൊലീസ് പിടികൂടി.
കവിയൂർ കോട്ടൂർ ഇലവിനാൽ ഹോമിയോ ക്ലിനിക്കിന് സമീപം വലിയപറമ്പിൽ വീട്ടിൽ വി.ബി. അർജുൻ (38) ആണ് അറസ്റ്റിലായത്. ഭാര്യയുമായി വിവാഹമോചനത്തിനുള്ള കേസ് നടക്കുകയാണെന്നും, അത് കഴിഞ്ഞാലുടൻ വിവാഹം കഴിക്കാമെന്നും വിശ്വസിപ്പിച്ചാണ് 19 കാരിയെ ബലാത്സംഗം ചെയ്തത്.
21 നാണ് യുവതി സ്റ്റേഷനിൽ പരാതിനൽകിയത്. തുടർന്ന് പൊലീസ് മോഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. യുവതിയിൽനിന്ന് ഒരു ലക്ഷത്തോളം രൂപ വാങ്ങിയശേഷം പിൻവാങ്ങുകയാണ് ഉണ്ടായത്.
വിവാഹക്കാര്യം സൂചിപ്പിച്ചപ്പോൾ, താൽപര്യമില്ലെന്നറിയിച്ച പ്രതി, യുവതിയോട് പോയി ജീവനൊടുക്കാൻ പറഞ്ഞതായും മൊഴിയിലുണ്ട്. ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ യുവതി ജീവനൊടുക്കാൻ വീടിനടുത്തുള്ള ആഴമേറിയ പാറക്കുളത്തിൽ ചാടിയെന്നും, എന്നാൽ നാട്ടുകാർ രക്ഷപ്പെടുത്തിയെന്നും വെളിപ്പെടുത്തി.
ഇൻസ്പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
യുവതിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രൊബേഷൻ എസ്.ഐ ഹരികൃഷ്ണൻ, എ.എസ്.ഐമാരായ ജോജോ ജോസഫ്, ജയകുമാർ, എസ്.സി.പി.ഒമാരായ അഖിലേഷ്, എം.എസ്. മനോജ് കുമാർ, ടി. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Young man arrested on complaint of poor woman for allegedly harassing her to pay for her education