(www.panoornews.in) കേരളപ്പിറവി ദിനത്തിൽ പന്ന്യന്നൂർ പഞ്ചായത്ത് ശുചിത്വ ബജാർ, ശുചിത്വ സ്ഥാപനം പ്രഖ്യാപനം നടത്തി. താഴെ ചമ്പാട് ബ്ലോക്ക് പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഹരിത കേരള മിഷൻ കോർഡിനേറ്റർ ഇ.കെ സോമശേഖരൻ ഉദ്ഘാടനവും പ്രഖ്യാപനവും നിർവഹിച്ചു.
പഞ്ചായത്തിലെ പന്ന്യന്നൂർ, ചമ്പാട്, അരയാക്കൂൽ ടൗണുകൾ വൃത്തിയായി നിലനിർത്തുകയും, സ്ഥാപനങ്ങൾ ശുചിത്വമുള്ളതാക്കുകയും ചെയ്യും.
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി. ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ജെ. ഇന്ദിര, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, ആസൂത്രണ സമിതിയംഗം കെ. രവീന്ദ്രൻ, ഐടിഐ സ്റ്റാഫ് സെക്രട്ടറി അജിത്ത് എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി എംവി ഷീബ സ്വാഗതവും, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം വി ബീന നന്ദിയും പറഞ്ഞു. പ്രഖ്യാപനത്തിൻ്റെ ഭാഗമായി അരയാക്കൂൽ, മേലെ ചമ്പാട്, പന്ന്യന്നൂർ കേന്ദ്രമാക്കി ശുചിത്വ റാലികളും നടത്തി. പന്ന്യന്നൂരിൽ നടന്ന റാലി പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജയും, മേലെ ചമ്പാട് നടന്ന റാലി മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഹരിദാസും, അരയാക്കൂലിൽ നടന്ന റാലി ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ ജെ. ഇന്ദിരയും ഫ്ലാഗ് ഓഫ് ചെയ്തു.
പന്ന്യന്നൂരിൽ ശുചിത്വ മിഷൻ കോർഡിനേറ്റർ കെ. സുനിൽ പ്രഖ്യാപനം നിർവഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ അധ്യക്ഷനായി. വിദ്യാർത്ഥികൾ ഉൾപ്പെടുന്ന 200 ഓളം സ്റ്റുഡൻ്റ് ബ്രിഗേഡുകൾ, ഐടിഐ വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, വാർഡംഗങ്ങൾ, അധ്യാപകർ തുടങ്ങി നിരവധിയാളുകൾ റാലികളിൽ അണി ചേർന്നു.
Panniyannoor gram panchayat announces cleanliness bazaar and cleanliness institute on Kerala birth day