(www.panoornews.in)വിറകുപുരക്ക് മുകളിൽ തൂക്കിയിട്ട ചൂണ്ട യുവതിയുടെ കൺപോളയിലേക്ക് തുളച്ചു കയറി.
പേരാവൂർ മുണ്ടപ്പാക്കൽ സ്വദേശിനി എം.ജെ. ജിഷയുടെ കൺപോളയിലാണ് ചൂണ്ട കയറിയത്. വിറകുപുരയിൽനിന്ന് വിറകെടുക്കുന്നതിനിടെയാണ് സംഭവം.
കണ്ണൂർ ജില്ല ആശുപത്രിയിലെ ചികിത്സക്കിടെയാണ് ചൂണ്ട നീക്കം ചെയ്തത്. ഇരിട്ടി, പേരാവൂർ പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലാണ് യുവതി ആദ്യമെത്തിയത്.
പിന്നീട് കണ്ണൂരിലെ ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജില്ല ആശുപത്രി നേത്ര വിഭാഗത്തിൽ എത്തിയ രോഗിയെ കൺപോളയിൽ തുളച്ചു കയറിയ ചൂണ്ടയുടെ മൂർച്ചയുള്ള അറ്റം പുറത്ത് എടുക്കുക ഡോക്ടർമാർക്ക് വെല്ലുവിളിയായി.
ദന്തവിഭാഗത്തിന്റെ സേവനം തേടി എയർ റോട്ടർ ഹാൻഡ് പീസ് എന്ന ഗ്രൈൻ ഡിങ് മെഷീന്റെ സഹായത്തോടെ ചൂണ്ടയുടെ അഗ്രം രോഗിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ മുറിച്ച് മാറ്റുകയായിരുന്നു.
തുടർന്ന് ചൂണ്ട പൂർണമായും പുറത്തെടുത്തു. ദന്ത വിഭാഗത്തിലെ ഓറൽ ആന്റ് മാക്സിലോ സർജൻ ഡോ. ടി.എസ്. ദീപക്, ഡെന്റൽ സർജൻ ഡോ. സഞ്ജിത് ജോർജ് , ഓഫ്ത്താൽമോളജിസ്റ്റ് ഡോ. ജെയ്സി തോമസ്, ഡോ. മിൽന നാരായണൻ, സീനിയർ ഡന്റൽ ഹൈജീനിസ്റ്റ് അജയകുമാർ കരിവെള്ളൂർ, ലക്ഷ്മി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
The bait hung in Kannur penetrated the woman's eyelid