(www.panoornews.in) ആലുവ അര്‍ബന്‍ ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത വീട് തുറന്നുനല്‍കി. ബാങ്ക് അധികൃതര്‍ നേരിട്ടെത്തിയാണ് വീട് തുറന്നുനല്‍കിയത്.
ഭിന്നശേഷിക്കാരനായ മകനുള്‍പ്പെടെയുള്ള കുടുംബം എട്ടുമണിക്കൂറോളമാണ് വീട്ടിനുപുറത്തുനിന്നത്.
ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്തിന്റെ ഇടപെടലിലാണ് കോണ്‍ഗ്രസ് ഭരണസമിതിയുള്ള ബാങ്ക് വീട് തുറന്നുനല്‍കിയത്.
എം.എല്‍.എയുടെ ഉറപ്പ് ലഭിച്ചിട്ടും ബാങ്ക് അധികൃതര്‍ എത്തി വീട് തുറന്നുനല്‍കുന്നതില്‍ കാലതാമസമുണ്ടായി. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു.
കോണ്‍ഗ്രസ് നേതാക്കളായിരുന്നു വീട് തുറന്നുനല്‍കാന്‍ എത്തിയത്. വീട് ജപ്തിചെയ്തുപോയ അധികൃതര്‍തന്നെ വീട് തുറന്നുനല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ബാങ്ക് അധികൃതര്‍ നേരിട്ട് എത്തിയെങ്കിലും സീല്‍ ചെയ്ത വാതിലിന് പകരം മറ്റൊരു വാതില്‍ തുറന്നുകൊടുത്തതും പ്രതിഷേധത്തിന് ഇടയാക്കി.
ആലുവ പോലീസ് സ്ഥലത്തെത്തി ഇടപെട്ടതിനെത്തുടര്‍ന്ന് സീല്‍ ചെയ്ത വാതില്‍ തുറന്നുനല്‍കി.
എം.എല്‍.എയും ബാങ്ക് അധികൃതരും ചര്‍ച്ച നടത്തി വായ്പ തിരിച്ചടവിന്റെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. ലോണടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും കുടിശ്ശിക തള്ളണമെന്നും വീട്ടുടമ വൈരമണി അഭ്യര്‍ഥിച്ചു.
Anwar Sadat MLA intervened; The differently-abled youth was evicted and the foreclosed house was opened by the Urban Bank authorities