(www.panoornews.in)സിപിഎം പ്രവർത്തകൻ എരുവട്ടി കോമ്പിലെ സി. അഷറഫിനെ വെട്ടിക്കൊന്ന കേസിൽ തലശേരി അഡീഷനൽ സെഷൻസ് കോടതി (4) ജഡ്‌ജി ജെ വിമൽ നാളെ ( 28ന് ) ശിക്ഷാ വിധി പറയും. ബിജെപി - ആർഎസ്‌എസ് പ്രവർത്തകരായ എട്ടുപേർക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഒന്ന് മുതൽ ആറ് വരെ പ്രതികളായ എരുവട്ടി പുത്തൻകണ്ടം പ്രനൂബ നിവാസിൽ എം പ്രനു ബാബു എന്ന കുട്ടൻ (34), മാവിലായി ദാസൻമുക്ക് ആർവി നിവാസിൽ ആർ വി നിധീഷ് എന്ന ടുട്ടു(36), എരുവട്ടി പാനുണ്ട മണക്കടവത്ത് ഹൗസിൽ വി ഷിജിൽ എന്ന ഷീജൂട്ടൻ (35), പാനുണ്ട ചക്യത്തുകാവിനടുത്ത ചിത്രമഠത്തിൽ കെ ഉജേഷ് എന്ന ഉജി (34), പാതിരിയാട് കീഴത്തൂർ കോമത്ത് ഹൗസിൽ എം ആർ ശ്രീജിത്ത് (39), പാതിരിയാട് കുഴിയിൽപീടിക ബിനീഷ് നിവാസിൽ പി. ബിനീഷ് (48) എന്നിവരാണ് വിചാരണ നേരിട്ടത്.
ഏഴും എട്ടും പ്രതികളായഎരുവട്ടി പുത്തൻകണ്ടം ഷിജിൻ നിവാസിൽ മാറോളി ഷിജിൻ , കണ്ടംകുന്ന് നീർവേലി തട്ടുപറമ്പ് റോഡ് സൗമ്യ നിവാസിൽ എൻ പി സുജിത്ത് (29) എന്നിവർ വിചാരണക്ക് മുൻപ് മരിച്ചു.
മത്സ്യവിൽപനക്കിടെ കാപ്പുമ്മൽ സുബേദാർ റോഡിൽ 2011 മെയ് 19ന് രാവിലെ 9.30ന് രാവിലെയാണ് അഷറഫിനെ പ്രതികൾ ആക്രമിച്ചത്. രാഷ്‌ട്രീയ വിരോധം കാരണം ആർഎസ്‌എസ് – ബിജെപിക്കാർ സംഘം ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.
ശരീരമാസകലം വെട്ടേറ്റ് ഗുരുതര പരിക്കേറ്റ അഷറഫ് കോഴിക്കോട് ബേബിമെമ്മൊറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 21ന് പുലർച്ചെ 3.50ന് മരിച്ചു.
26സാക്ഷികളെ പ്രോസിക്യൂഷൻ കോടതിയിൽ വിസ്‌തരിച്ചു. കൂത്തുപറമ്പ് സിഐ ആയിരുന്ന കെ വി വേണുഗോപാലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സി കെ ശ്രീധരൻ ഹാജരായി.
CPM worker Ashraf killed; Thalassery Add.Sessions Court will give verdict tomorrow