(www.panoornews.in)എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചന.
ഇരിണാവിലെ വീട്ടിൽ നിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ന് രാവിലെ വീട്ടിൽ എത്തിയ ശേഷമാണ് മറ്റൊരിടത്തേക്ക് ഇവർ മാറിയത്.
അന്വേഷണസംഘത്തിന് മുന്നിൽ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷമായിരിക്കും ദിവ്യ പോലീസിന് മുന്നിൽ എത്തുകയെന്നാണ് സൂചന.
അതേസമയം പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കം നടത്തുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ഡിഐജി ഓഫീസിൽ യോഗം ചേരുമെന്ന റിപ്പോർട്ടുകളുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബാബുവിന്‍റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോഗിച്ചിരുന്നു.
കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്.
പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തിനെതിരെ ദിവ്യ ഉന്നയിച്ച ആരോപണം.
പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം ദിവ്യക്കെതിരെ നടപടി സ്വീകരിക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
Hinting that Divya will not yield to arrest; After reaching home in Irinav this morning, he shifted to the secret center