വടകര:(www.panoornews.in) വടകരയിലെ കടവരാന്തയിൽ വയോധികനെ കൊല്ലപ്പെത്തിയ ശേഷം പ്രതി സജിത്ത് കാസർഗോഡേക്ക് കടന്നുകളഞ്ഞിരുന്നു. റംല എന്ന സ്ത്രീക്കൊപ്പമാണ് ഇയാൾ രക്ഷപ്പെട്ടത്.
ഈ സ്ത്രീ പ്രതിയുടെ കൂടെ സ്ഥിരമായി ഉള്ളയാളാണെന്ന് പോലിസ് പറയുന്നു. കാസർഗോഡിൻ്റെയും മംഗലാപുരത്തിൻ്റെയും അതിർത്തി ഗ്രാമത്തിൽ താമസിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം സജിത്ത് മാഹിയിലെത്തിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. തുടർന്നാണ് ഇയാൾ പിടിയിലാകുന്നത്. ചോദ്യം ചെയ്യലിൽ കൊലപാതക കുറ്റം പ്രതി സമ്മതിച്ചു.
പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയത്. സംഭവ ദിവസം സജിത്തും കൊല്ലപ്പെട്ട വയോധികനും ഒരുമിച്ച് മദ്യപിച്ചിരുന്നു.
തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പുതപ്പ് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയത്.
സെപ്തംബർ 18 നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒരു മാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.
പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പോലിസ് കസ്റ്റഡി അപേക്ഷ നൽകും. കൊല്ലപ്പെട്ട വയോധികനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു.
Death of old man in Vadakara; After the murder, the accused crossed over to Kasaragod and was apprehended from Mahi