(www.panoornews.in)നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്ന് മന്ത്രി കെ. രാജന്‍. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലന്നും ഇന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കുറ്റകാര്‍ക്കെതിരെ എത് അറ്റം വരെയും പോകുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഏതെങ്കിലും തരത്തില്‍ എഡിഎം ഇത്തരത്തില്‍ ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് ആദ്യം പറഞ്ഞ വ്യക്തിയാണ് ഞാന്‍.
എന്റെ അഭിപ്രായത്തില്‍ മാറ്റമില്ല. അതനുസരിച്ച് റവന്യു വകുപ്പിന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ അന്വേഷണത്തിലേക്കാണ് ഞങ്ങള്‍ പോയിട്ടുള്ളത്. അതിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ അത് പച്ചയ്ക്ക് മാധ്യമങ്ങളോട് പറയും.
അതിനകത്ത് പ്രയാസമുണ്ടാവില്ല'. - അദ്ദേഹം വ്യക്തമാക്കി. ഫയല്‍ നീക്കത്തിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പെടെ ആണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു
പോലിസ് അന്വേഷണം റവന്യു വകുപ്പ് പരിധിയില്‍ ഉള്ളതല്ലെന്നും പോലിസ് അന്വേഷണത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവീന്‍ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു.
കണ്ണൂരിലെ റവന്യു പരിപാടികള്‍ മാറ്റിയത് മുന്‍കൂട്ടി തീരുമാനിച്ചതാണ് .കണ്ണൂര്‍ കലക്ടറെ ഇതുമായി ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ ആദ്യഘട്ടം കഴിഞ്ഞെങ്കില്‍ മാത്രമേ സര്‍ക്കാരിന് ഇതില്‍ ചര്‍ച്ച സാധ്യമാവുകയുള്ളു. അന്വേഷണം തെറ്റാതെ പോവുന്നുണ്ടെന്ന് ഞങ്ങള്‍ കരുതുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി
നവീന്‍ ബാബു പെട്രോള്‍ പമ്പിന് എന്‍.ഒ.സി. അനുവദിക്കുന്നതില്‍ വഴിവിട്ട് ഇടപെടല്‍ നടത്തിയെന്നും അതിനുള്ള തെളിവുണ്ടെന്നുമാണ് പി.പി.ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തി ആരോപിച്ചത്.
തന്റെ കൈവശമുള്ള തെളിവുകള്‍ ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നും ദിവ്യ അറിയിച്ചിരുന്നു.
ദിവ്യയുടെ ആരോപണത്തിന് പിന്നാലെ, കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ കഴിഞ്ഞ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
നവീന്‍ ബാബുവിനെതിരായ ആരോപണത്തില്‍ പി.പി.ദിവ്യക്കൊപ്പം കളക്ടര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
Naveen Babu's suicide; None of the guilty will be spared - Minister K. Rajan