കണ്ണൂർ :(www.panoornews.in)ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19-കാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്.
ഈ വർഷം സംസ്ഥാനത്ത് 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേർ മരിച്ചു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം. നമ്പൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്ധസംഘമെത്തി. ആരോഗ്യ ദ്രുതകർമസേന യോഗം ചേർന്നു.
വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തി. ചത്ത നിലയിൽ കണ്ട പക്ഷിയുടെ ജഡം പരിശോധനയ്ക്കെടുത്തിട്ടുണ്ട്. പ്രദേശത്ത് പക്ഷികൾ അസ്വാഭാവികമായി ചത്ത് വീഴുന്ന സാഹചര്യം ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് നിർദേശമുണ്ട്.
ജില്ലാ സർവയലൻസ് ഓഫീസർ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം സന്ദർശനം നടത്തിയത്. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ. കെ.കെ. ഷിനി, എപ്പിഡമോളജിസ്റ്റ് അഭിഷേക്, ബയോളജിസ്റ്റ് രമേശൻ, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ടി. സുധീഷ് എന്നിവരും ഉണ്ടായിരുന്നു. ചെങ്ങളായി പഞ്ചായത്തിൽ നടന്ന ആർ.ആർ.ടി. മീറ്റിങ്ങിൽ ഇവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷനായി.
19-year-old West Nile fever confirmed in Kannur; The health condition is satisfactory