(www.panoornews.in)എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി യൂത്ത് കോണ്‍ഗ്രസ്.
പ്രതീകാത്മകമായി പിപി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസിന്‍റെ പോസ്റ്റര്‍ ഇറക്കിയാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂരിൽ പ്രതിഷേധിച്ചത്.
പിപി ദിവ്യ വാണ്ടഡ് കുറ്റം: സത്യസന്ധനായ ഉദ്യോഗസ്ഥനെ അപകീർത്തിപ്പെടുത്തി കൊലചെയ്തു.....കണ്ടുകിട്ടുന്നവർ തൊട്ടടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ അറിയിക്കുക, എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ സ്ഥാപിച്ചു. സ്റ്റേഷന്‍റ മതിലിലും പോസ്റ്റര്‍ പതിച്ചു.
അതേസമയം, പൊലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാളെ വിട്ടുകിട്ടുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പ്രവര്‍ത്തകനെ വിട്ടതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതേസമയം, പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ കണ്ണൂര്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ മാര്‍ച്ച് നടത്തി.
'Anyone who finds it should report it to the nearest police station'; Youth Congress issued a 'lookout notice' against PP Divya