കൊയിലാണ്ടിയിൽ യുവാവിനെ ആക്രമിച്ച് പണം തട്ടിയെന്ന വ്യാജ സംഭവത്തിൽ മൂന്നാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു.
തിക്കോടി പുതിയവളപ്പിൽ മുഹമ്മദ് യാസിർ പി.വി (20) യെ ആണ് വടകര വില്യാപ്പള്ളിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ എ.ടി.എം റീഫിൽ ഏജന്റ്റ് സുഹൈലും കൂട്ടാളികളും ചേർന്ന് നടത്തിയ നാടകമാണിതെന്ന് തെളിഞ്ഞതോടെ സുഹലിനെയും കൂട്ടാളിയായ താഹയെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കൊയിലാണ്ടിയിൽ നിന്നും പണവുമായി അരിക്കുളം കുരുടിമുക്കിലേക്ക് പോകവെ വഴിയിൽവെച്ച് പർദ്ദാ ധാരികളായ ഒരു സംഘം ആക്രമിച്ച് ശരീരത്തിൽ മുളക് പൊടി വിതറുകയും തലയ്ക്ക് മർദ്ദിക്കുകയും ചെയ്ത് ബോധം കെടുത്തി പണം തട്ടിയെന്നായിരുന്നു സുഹൈൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ തുടക്കത്തിൽ തന്നെ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല.
സുഹൈലിന്റെ കണ്ണിൽ മുളകുപൊടി ആയിട്ടില്ലെന്നതും തലയ്ക്ക് അടിയേറ്റതായി വൈദ്യപരിശോധനയിൽ സൂചനയൊന്നും ലഭിക്കാതിരുന്നതും സംശയം വർധിപ്പിച്ചു. കാട്ടിലപ്പീടികയിൽ സുഹൈലിനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ കാറിന്റെ പിറകിലെ ഗ്ലാസ് തുറന്ന നിലയിലുമായിരുന്നു.
25ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു സുഹൈൽ പറഞ്ഞത്. എന്നാൽ സുഹൈൽ ജോലി ചെയ്തിരുന്ന ഏജൻസി വ്യക്തമാക്കിയത് 72ലക്ഷം രൂപ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയും കൂട്ടാളിയും ചേർന്ന് നടത്തിയ നാടകമാണിതെന്ന് വ്യക്തമായത്. കൂടുതൽ പ്രതികൾ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാമനെയും പോലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
Koilandi robbery drama; The third accused, a resident of Vadakara, was arrested from Vilyapally