(www.panoornews.in) മരണപ്പെട്ട കണ്ണൂർ എഡിഎം നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി പെട്രോൾ പമ്പുടമ പ്രശാന്ത് പറഞ്ഞു. എൻഒസി നൽകാനാണ് പണം ആവശ്യപ്പെട്ടത്. 98,500 രൂപ സംഘടിപ്പിച്ചു നൽകിയെന്നു പ്രശാന്ത് പറഞ്ഞു. വീട്ടിൽ വച്ചുതന്നെയാണ് കൈക്കൂലി നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
'ആറു മാസമായി എൻഒസിക്കായി ഓഫീസിൽ കയറി ഇറങ്ങുകയായിരുന്നു. ഫയൽ പഠിക്കട്ടെ എന്നായിരുന്നു ആ സമയത്തെല്ലാം എഡിഎം പറഞ്ഞിരുന്നത്. മൂന്ന് മാസമായപ്പോൾ എന്തെങ്കിലും ഉദ്ദേശിക്കുന്നുണ്ടോ എന്ന് ചോദിച്ചു. എന്നാൽ അങ്ങനെയൊന്നുമില്ലെ'ന്ന് അദ്ദേഹം പറഞ്ഞു.
'അഞ്ചാം തീയതി എഡിഎം എന്റെ നമ്പർ വാങ്ങിച്ചു. തുടർന്ന് ആറാം തീയതി പള്ളിക്കുന്നിലെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. വീട്ടിലെത്തിയപ്പോൾ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. നൽകിയില്ലെങ്കിൽ ജീവിതകാലം ഈ പമ്പ് കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.'- പ്രശാന്ത് പറഞ്ഞു.
ഇന്ന് രാവിലെയാണ് എഡിഎമ്മിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ വെച്ചായിരുന്നു ആരോപണമുന്നയിച്ചത്. ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു ദിവ്യയുടെ ആരോപണം.
'ADM Naveen Babu demanded a bribe of Rs 1 lakh, organized and paid Rs 98,500' - Petrol pump owner Prashant