(www.panoornews.in) യുകെജി വിദ്യാർഥിയെ ചൂരലുകൊണ്ട് ക്രൂരമായി മർദിച്ച് അധ്യാപിക. ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ചാണ് മർദിച്ചത്. സംഭവത്തിൽ കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വീട്ടുകാർ പറയുന്നു.
കുട്ടി ഡയറിയിലെഴുതാതെ കളിച്ചിരുന്നപ്പോൾ അധ്യാപിക ചൂരൽ കൊണ്ട് അടിച്ചുവെന്നും കരയാതിരുന്നതിനാൽ വീണ്ടും വീണ്ടും അടിച്ചുവെന്നുമാണ് പറയുന്നത്. മർദനമേറ്റ് അഞ്ചുവയസ്സുകാരന്റെ കാലിൽ നിരവധി മുറിവുകളും പാടുകളും ഉണ്ടായിട്ടുണ്ട്. പരാതി പിൻവലിക്കാൻ രക്ഷിതാക്കൾക്ക് മേൽ സമ്മർദമുണ്ടായതായും ആരോപണമുണ്ട്.
വീട്ടുകാരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. അധ്യാപികയ്ക്കെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്. സെലിനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
അതേസമയം അധ്യാപികയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി കുരിയച്ചിറ സെയ്ൻ്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു. അതേസമയം ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നൽകിയിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നും കുടുംബം ആരോപിച്ചു.
Teacher brutally beats UKG student with cane.