(www.panoornews.in) തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ടു വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ഗായിക കെ.എസ്.ചിത്ര പൊലീസിൽ പരാതി നൽകി. വ്യാജ സോഷ്യൽമീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി ചിത്രയുടെ പേരും ചിത്രവുംവെച്ച് പണം നിക്ഷേപിക്കാനാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്ര ഒരു സ്ക്രീൻഷോട്ട് പുറത്തുവിട്ടിരുന്നു. ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെയെന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും വ്യാജൻ മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്.
10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാമാണ് വ്യാജ വാഗ്ദാനങ്ങൾ. തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചിത്ര പോലീസിനെ സമീപിച്ചത്.
ഇതേത്തുടർന്ന് സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചു. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. ഇത്തരം സന്ദേശങ്ങളിൽ വീഴരുതെന്ന് ചിത്ര അഭ്യർത്ഥിച്ചു. തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു
Cheating on Chitra's name and picture: Demanding money, KS Chitra filed a complaint