ട്രെയിൻ യാത്രക്കിടെ ദമ്പതികളെ ബോധം കെടുത്തി സ്വർണവും പണവും മോഷ്ടിച്ചു. ഹുസൂരിൽ താമസിക്കുന്ന രാജുവിനും ഭാര്യ മറിയാമ്മക്കുമാണ് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരക്കാണ് ഇരുവരും കായംകുളത്ത് നിന്ന് ട്രെയിനിൽ കയറിയത്. ഉറങ്ങാൻ സമയം മറിയാമ്മ ഫ്ലാസ്കിൽ നിന്ന് അൽപം വെള്ളം കുടിച്ചതേ ഓർമയുള്ളൂ. പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല. സ്വർണവും പണവുമെല്ലാം കൂടെ യാത്ര ചെയ്തിരുന്നയാൾ മോഷ്ടിച്ചുവെന്നാണ് നിഗമനം.
യാത്രക്കിടെ രാത്രി ഒമ്പതോടെ ഇരുവരും ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു. രാത്രി 11ഓടെ മറിയാമ്മ ചുമച്ചു. വെള്ളം കുടിക്കാനായി ഇരുവരും എഴുന്നേറ്റു. കൈയിൽ കരുതിയ ഫ്ലാസ്കിലെ വെള്ളം മറിയാമ്മയും രാജുവും കുടിച്ചു. പിന്നാലെ ഇരുവരും ബോധരഹിതരായി. ട്രെയിനിൽ ഒരാൾ ഇരുവരെയും പരിചയപ്പെട്ടിരുന്നു.
ബിസിനസുകാരനാണന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. ഇയാൾ വെള്ളത്തിൽ എന്തോ കലർത്തിയെന്നാണ് സംശയിക്കുന്നത്. ജോലാർപേട്ടിൽ ട്രെയിൻ ഇറങ്ങേണ്ട ഇരുവരയെും കാണാതായതോടെ മകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും ബോധരഹിതരായി കണ്ടെത്തി കട്പാടി സ്റ്റേഷനിൽ ഇറക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജുവിന്റെ വാച്ച് രണ്ട് മോതിരം, മറിയാമ്മയുടെ മാല, വള, രണ്ട് മോതിരം എന്നിവടക്കം 12 പവനോളം സ്വർണവും 10000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടതെന്നും രാജു പറയുന്നു. ബാഗും കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇരുവരുടെയും ബോധം തെളിഞ്ഞത്.
Gets up to drink water, remembers nothing more; During the train journey, the couple was knocked unconscious and their gold and cash stolen