(www.panoornews.in) മുടവൂര്‍ തവളക്കവലയില്‍ അതിഥിത്തൊഴിലാളി ബാബുള്‍ ഹുസൈന്‍ (40) കൊല്ലപ്പട്ട കേസില്‍ രണ്ടാം ഭാര്യ സെയ്ത ഖാത്തൂണിനെ (38) മൂവാറ്റുപുഴ പോലീസ് പിടികൂടി. അസമില്‍നിന്ന് പ്രത്യേക പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴയിലെത്തിച്ചു.
വീട്ടിലുണ്ടായിരുന്ന ഇവരുടെ സഹോദരിയെക്കുറിച്ച് വിവരമില്ല. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനും ശേഷം സെയ്ത ഖാത്തൂണിനെ കോടതിയില്‍ ഹാജരാക്കും.
മര്‍ദനവും നിരന്തര ശല്യവും സഹിക്കാനാവാതെ ബാബുള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തറക്കുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. 2015-ലായിരുന്നു ഇവരുടെ വിവാഹം.കൊലപാതകത്തില്‍ മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോ എന്നും മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
മൂവാറ്റുപുഴ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം. എസ്.ഐ. മാഹിന്‍ സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അസമിലെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ആള്‍ത്താമസമില്ലാത്ത വീടിന്റെ ടെറസിനു മുകളിലാണ് ഒക്ടോബര്‍ 7-ന് ബാബുള്‍ ഹുസൈനെ (40) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സ്ഥലത്തു നിന്ന് കാണാതായ ബാബുള്‍ ഹുസൈന്റെ ഭാര്യ സെയ്ത ഖാത്തൂണിനെയും ഇവരുടെ സഹോദരിയെയും തേടിയാണ് പോലീസ് അസമിലേക്ക് പോയത്. സൈബര്‍ സെല്ലിന്റെയും റെയില്‍വേ, അസം പോലീസ് സേനകളുടെയും സഹായത്തോടെയായിരുന്നു കേസന്വേഷണം.
She killed her sleeping husband by slitting her throat; Second wife arrested