കതിരൂർ:(www.panoornews.in) കല കലക്കുവേണ്ടി മാത്രമാണെന്ന വാദം ശരിയല്ലെന്ന് മുൻ എംഎൽഎ എംവി ജയരാജൻ ; അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ ചിത്രപ്രദർശനം കതിരൂർ ആർട്ട് ഗ്യാലറിയിലാരംഭിച്ചു കല കലക്കുവേണ്ടി മാത്രമാണെന്നുള്ള വാദം ശരിയല്ലെന്ന് മുൻ എംഎൽഎ എം വി ജയരാജൻ.
പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ അനിരുദ്ധൻ എട്ടുവീട്ടിലിൻ്റെ പുതിയ ചിത്രങ്ങളുടെ പ്രദർശനം അഹം കതിരൂർ ഗ്രാമപഞ്ചായത്ത് ആർട് ഗ്യാലറിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ടവരുടെയും, ആലംബ ഹീനരുടെയും ഉന്നമനത്തിനായി കലാകാരന്മാർ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ലെന്നും എംവി ജയരാജൻ പറഞ്ഞു. കലയെന്നത് ജീവിതത്തിൻ്റെ ഭാഗമാണ്. സമൂഹത്തിൽ ജീവിക്കുന്ന ജനങ്ങളുടെ ചിന്തയുടെ ഭാഗമാണ് കല. സമൂഹത്തിൻ്റെ ഉന്നമനത്തിനായി കലാകാരന്മാർ വഹിച്ച പങ്ക് ചെറുതല്ലെന്നും എം വി ജയരാജൻ പറഞ്ഞു.
കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. സനിൽ അധ്യക്ഷത വഹിച്ചു. റബ്ക്കോ ചെയർമാൻ കാരായി രാജൻ, തലശ്ശേരി കോ.ഓപ്പ് റൂറൽ ബാങ്ക് പ്രസിഡണ്ട് പി.ഹരീന്ദ്രൻ, തലശ്ശേരി സഹകരണാശുപത്രി പ്രസിഡണ്ട് എം.സി.പവിത്രൻ എന്നിവർ മുഖ്യാതിഥികളായി.
കേരള ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, ചിത്രകാരന്മാരായ ശശി കതിരൂർ, കെ.കെ സനിൽകുമാർ, സംവിധായകൻ ടി. ദീപേഷ് എന്നിവർ സംസാരിച്ചു.
കെ.എം ശിവ കൃഷ്ണൻ മാസ്റ്റർ സ്വാഗതവും, അനിരുദ്ധൻ എട്ടുവീട്ടിൽ നന്ദിയും പറഞ്ഞു. 60 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉള്ളത്. പ്രദർശനം 16ന് സമാപിക്കും. അനിരുദ്ധൻ രചിച്ച 8 ൻ്റെ കവിതകൾ എന്ന കവിതാ സമാഹാരം എംവി ജയരാജൻ ഏറ്റുവാങ്ങി.
Former MLA MV Jayarajan says that the argument that art is only for art's sake is not correct; Anirudhan Ettuveetil's film exhibition has started at Kathirur Art Gallery