(www.panoornews.in) ഗുണ്ടാ നേതാവ് ഓംപ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടൻ ശ്രീനാഥ് ഭാസിയെ വീണ്ടും വിളിപ്പിച്ചേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിൻ്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയിരുന്നു.
ഇതിൻ്റെ പശ്ചാത്തലത്തിലാണ് നടനെ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്. മൊഴികൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
നടി പ്രയാഗയുടെ മൊഴി തൃപ്തികരമെന്ന നിലപാടിലാണ് പോലീസ്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഹാജരാകണമെന്ന പോലീസ് നിർദേശമനുസരിച്ച് ഇവർ സൗത്ത് പോലീസ് സ്റ്റേഷനിലാണ് ചോദ്യംചെയ്യലിനെത്തിയത്.
കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസിയോടും പ്രയാഗ മാർട്ടിനോടും രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാണ് പോലീസ് നിർദേശിച്ചിരുന്നതെങ്കിലും വൈകീട്ടോടെയാണ് പ്രയാഗ ചോദ്യംചെയ്യലിനെത്തിയത്. ചോദ്യം ചെയ്യലിനുശേഷം ശ്രീനാഥ് ഭാസി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രയാഗ എത്തിയത്. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. വിശദമായ ചോദ്യംചെയ്യൽതന്നെയുണ്ടാകും. അതിന് ശേഷം പോലീസ് തുടർനടപടികളിലേക്ക് കടക്കും. നടൻകൂടിയായ സാബുമോനാണ് പ്രയാഗയ്ക്കുവേണ്ട നിയമസഹായങ്ങൾ ചെയ്യുന്നത്.
ചോദ്യംചെയ്യൽ പൂർത്തിയായി പ്രയാഗ ഇറങ്ങിവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ, നാലുപേരെക്കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു.
ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്.
ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
Prayaga's statement in the drug case is satisfactory to the police, Srinath Bhasi may be called again