(www.panoornews.in) റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, കസ്റ്റംസ് വിഭാഗം, അന്താരാഷ്ട്ര നാണയനിധി ( ഐ.എം.എഫ്) എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടുള്ള ഫോണ്‍കോളുകള്‍ വന്നാല്‍ തട്ടിപ്പാണെന്ന് തിരിച്ചറിയാത്തവര്‍ ഇനിയുമുണ്ട്. മുംബൈയിലെ പവായിൽ താമസിച്ചിരുന്ന 65 വയസ്സുകാരിയില്‍നിന്ന് കോടികൾ കൊള്ളയടിക്കാൻ തട്ടിപ്പുസംഘം കരുവാക്കിയതും ഇതുതന്നെ.
ഡേറ്റിങ് ആപ്പു വഴി പരിചയപ്പെട്ട അപരിചിതന്‍ 2023 ഏപ്രില്‍ മുതല്‍ 2024 ജൂണ്‍ വരെ തുടര്‍ന്ന തട്ടിപ്പില്‍ സ്ത്രീക്ക് നഷ്ടപ്പെട്ടത് 1.30 കോടിയോളം രൂപ. ഫിലിപ്പീന്‍സില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ സിവില്‍ എഞ്ചിനീയര്‍ എന്ന പേരിലായിരുന്നു യുവാവ് ഇവരെ പരിചയപ്പെടുന്നത്. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിന്റെ കദനകഥകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ തുടങ്ങിയതാണ് സ്ത്രീയെ കോടികളുടെ തട്ടിപ്പിന് ഇരയാക്കിയത്. പണി നടക്കുന്ന സൈറ്റില്‍വെച്ച് തനിക്ക് അപകടമുണ്ടായെന്നും തന്നെ യു.എസിലേക്ക് തിരച്ചയക്കാതിരിക്കാന്‍ പണം വേണമെന്നുമായിരുന്നു യുവാവിന്റെ അഭ്യര്‍ത്ഥന. യുവാവിന്റെ വാക്കുകളില്‍ വിശ്വസിച്ച സ്ത്രീ ബന്ധുക്കളില്‍ നിന്നുള്‍പ്പടെ കടം വാങ്ങി ഇയാള്‍ക്ക് 2023 ഏപ്രിലിനും ജൂണിനുമിടയില്‍ 70 ലക്ഷം രൂപ ബിറ്റ്കോയിന്‍ വഴി അയച്ചുകൊടുത്തു. 20 ലക്ഷം യു.എസ്. ഡോളര്‍ അടങ്ങുന്ന പാര്‍സല്‍ സ്ത്രീയുടെ പേരില്‍ അയച്ചിട്ടുണ്ടെന്ന സന്ദേശം ഇയാളിൽ സ്ത്രീക്കു നല്‍കിയതോടയാണ് തട്ടിപ്പിന്റെ മറ്റൊരു മുഖം ആരംഭിക്കുന്നത്.
സ്ത്രീയുടെ പേരില്‍ വന്ന പാര്‍സല്‍ കസ്റ്റംസ് പിടിച്ചുവെച്ചിരിക്കുകയാണെന്ന പേരില്‍ ഡല്‍ഹി വിമാനത്തവളത്തില്‍നിന്ന് ഇവര്‍ക്ക് ഫോണ്‍കോൾ വന്നു. പ്രിയ ശര്‍മ എന്ന പേരിലാണ് 65- വയസ്സുകാരിയെ തേടി ഫോണ്‍ കോളെത്തിയത്. പാര്‍സല്‍ വിട്ടുകിട്ടാനായി വലിയ തുക നല്‍കണമെന്നും നികുതി അടക്കണമെന്നുമായി പിന്നീടുള്ള ആവശ്യം. ജൂണ്‍ 2023 മുതല്‍ 2024 മാര്‍ച്ച് വരെ യുവതി ഈ തുക പലതവണയായി ഇവര്‍ക്ക് അയച്ചുനല്‍കി.
ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണെന്ന വ്യാജേനയും സ്ത്രീയെ തേടി കോള്‍ വന്നു. കസ്റ്റംസ് വിട്ടു നല്‍കിയ പണം തങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടെന്നും സ്ത്രീയുടെ പേരില്‍ എ.ടി.എം കാര്‍ഡ് അയച്ചു നല്‍കിയിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം. 17 കോടി രൂപയോളം മൂല്യമുള്ള ഡോളര്‍ ഇന്ത്യന്‍ കറന്‍സിയായി മാറ്റാനുള്ള പണം ബാങ്കില്‍ നിക്ഷേപിക്കണമെന്നായിരുന്നു പിന്നീടു വന്ന ഫോണ്‍ കോളുകളില്‍ പറഞ്ഞിരുന്നത്.
ഈ ആവശ്യവുമായി സ്ത്രീക്ക് കോളുകൾ വന്നത് അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥരുടേ പേരിലാണ്. തട്ടിപ്പിന് ഇരയാകുകയാണെന്നറിയാതെ 1,29,43,661 രൂപ സ്ത്രീ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല ഏജന്‍സികളില്‍നിന്നും പുതിയ ആവശ്യങ്ങളുമായി കോളുകള്‍ തുടര്‍ന്നതോടെ പറ്റിക്കപ്പെട്ടതായി മനസ്സിലാക്കിയ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും തട്ടിപ്പുസംഘത്തെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് പറഞ്ഞു.
A young man who met through a dating app believed the story; The 65-year-old lost Rs 1.30 crore