കണ്ണൂർ :(www.panoornews.in) കേരളത്തിൽ ഡ്രൈവിങ് ലൈസൻസിനായി ഇപ്പോൾ ഒരാൾ അപേക്ഷിച്ചാൽ ശരാശരി നാലുമാസമെങ്കിലും വേണം ടെസ്റ്റിന് തീയതി ലഭിക്കാൻ.
ആദ്യം ലേണേഴ്സ് ടെസ്റ്റിന് സ്ലോട്ട് ലഭിക്കാൻ ഒരു മാസം. ലേണേഴ്സ് പാസായി 30 ദിവസത്തിനുശേഷം ഡ്രൈവിങ് ടെസ്റ്റിന് സ്ലോട്ട് നോക്കിയാൽ ലഭിക്കുക പിന്നെയും രണ്ടു മാസത്തെ വ്യത്യാസത്തിലാകും.
ചുരുക്കിപ്പറഞ്ഞാൽ സെപ്റ്റംബറിൽ അപേക്ഷിക്കുന്നയാൾക്ക് ലൈസൻസ് ലഭിക്കണമെങ്കിൽ ഡിസംബറോ ജനുവരിയോ ആകണം. കഴിഞ്ഞില്ല, ടെസ്റ്റ് പാസായാൽ വെബ്സൈറ്റിൽ ലൈസൻസ് വരും, പക്ഷേ പ്രിന്റുചെയ്ത കാർഡ് എന്ന് കിട്ടുമെന്ന് ആർക്കും ഉറപ്പില്ല.
തമിഴ്നാട്ടിലാണെങ്കിലോ അപേക്ഷ കൊടുത്ത മൂന്നാംദിവസം ലേണേഴ്സ് ടെസ്റ്റിൽ പങ്കെടുക്കാം. ലേണേഴ്സ് പാസായി 30 ദിവസം കഴിഞ്ഞാൽ ഡ്രൈവിങ് ടെസ്റ്റിന് തീയതി എടുക്കാം.
ടെസ്റ്റ് കഴിഞ്ഞാൽ അഞ്ചാമത്തെ പ്രവൃത്തിദിവസം പ്രിന്റുചെയ്ത ലൈസൻസ് കാർഡ് ലഭിക്കും. വേഗത്തിൽ ലൈസൻസ് ആവശ്യമുള്ള മലയാളികൾ ഇപ്പോൾ തമിഴ്നാട്ടിൽനിന്നു ഡ്രൈവിങ് ലൈസൻസ് എടുക്കുന്നുണ്ട്.
അവിടെയുള്ള പല ഡ്രൈവിങ് സ്കൂളുകളും കേരളത്തിൽനിന്ന് എത്തുന്നവർക്ക് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. ഇവർ തന്നെ ആധാറിൽ താത്കാലികമായി തമിഴ്നാട് മേൽവിലാസം ചേർക്കും. ഒന്നര മാസം കഴിഞ്ഞ് ലൈസൻസ് ലഭിച്ചശേഷം ആധാറിലെ വിലാസം മാറ്റി പഴയതുപോലെ കേരളത്തിലേതാക്കിനൽകും.
ചെലവ് നോക്കിയാലും രണ്ടിടത്തും ഏകദേശം തുല്യം. കേരളത്തിൽ കാറിനും ബൈക്കിനും ഒന്നിച്ചുള്ള ലൈസൻസെടുക്കാൻ ക്ലാസ് ഉൾപ്പെടെ ഡ്രൈവിങ് സ്കൂളുകാർ വാങ്ങുന്നത് ശരാശരി 10000 രൂപ. ഇതേ തുകയ്ക്ക് തന്നെ കമ്മിഷൻ ഉൾപ്പെടെ തമിഴ്നാട്ടിൽനിന്നു ലൈസൻസ് നേടാം. ഡ്രൈവിങ് ടെസ്റ്റ് ദിവസംമാത്രം ചെന്നാൽ മതി.
പോയിവരുന്ന ചെലവുകൂടി കണക്കാക്കിയാലും പെട്ടെന്ന് ലഭിക്കുമെന്നതിനാൽ നഷ്ടമില്ല. ടെസ്റ്റും ഇവിടെത്തേതുപോലെ കടുപ്പമല്ലെന്നത് പരസ്യമായ രഹസ്യം. ആവശ്യമെങ്കിൽ അപേക്ഷ നൽകി പിന്നീട് ലൈസൻസ് കേരള ആർ.ടി.ഒ.യിലേക്ക് മാറ്റാം.
കേരളത്തിൽ മേയ് മാസം ഡ്രൈവിങ് പരിഷ്കരണം വന്നതുമുതൽ ലൈസൻസ് ലഭിക്കാൻ വലിയ കാലതാമസമാണ്. ഒരു ഓഫീസിൽ പ്രതിദിനം 40 ടെസ്റ്റുകൾ എന്ന രീതിയിൽ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ടെസ്റ്റ് നടത്താൻ രണ്ട് ഇൻസ്പെക്ടർമാരുള്ള ഓഫീസുകളിൽ 80 ടെസ്റ്റ് നടത്താം.
എന്നാൽ ഇപ്പോൾ ടെസ്റ്റ് വിജയിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. ടെസ്റ്റ് പാസായി നിലവിലുള്ള അപേക്ഷകർ പോകുന്ന മുറയ്ക്കാണ് ലേണേഴ്സ് ഉൾപ്പെടെ പുതിയ സ്ലോട്ടുകൾ ഓപ്പണാകുന്നത്.
ഒപ്പം കാർഡ് പ്രിന്റിങ് കരാർ പ്രശ്നങ്ങൾകൂടി ആയതോടെ വിദേശത്ത് പോകേണ്ടവർക്കൊക്കെ വലിയ ബുദ്ധിമുട്ടായി. അങ്ങനെയും ഒട്ടേറെ ആളുകൾ ഇത്തരം സംസ്ഥാനങ്ങളിൽനിന്ന് ലൈസൻസ് എടുക്കുന്നുണ്ട്..
In Kerala we have to wait for four months; Malayalees go to Tamil Nadu for driving license