കണ്ണൂര്‍:(www.panoornews.in) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജയില്‍ചാടിയ മയക്കുമരുന്ന് കേസ് പ്രതി ഹര്‍ഷാദ് പിടിയില്‍. തമിഴ്‌നാട് മധുരയില്‍ ശിവഗംഗയില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇയാൾ പിടിയിലായത്. ഹർഷാദിനെ വെള്ളിയാഴ്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ചു. വൈകാതെ ഇയാളെ കോടതിയിൽ ഹാജരാക്കും.
ഹർഷാദിനെ ജയിൽ ചാടാൻ സഹായിച്ച സുഹൃത്തിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും പോലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹർഷാദിന് തമിഴ്നാട്ടിൽ സഹായങ്ങൾ നൽകുന്ന സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചത്. ഈ സ്ത്രീയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹർഷാദിനെ മധുരയില്‍ നിന്ന് പോലീസ് സംഘം പിടികൂടിയത്.
ജനുവരി 14-നായിരുന്നു മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കോയ്യോട് ചെമ്പിലോട്ടെ ടി.സി. ഹർഷാദ് ജയിൽചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാൻ പുറത്തിറങ്ങിയ ഇയാൾ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെ ഗേറ്റിലെത്തിയപ്പോൾ പാറാവുകാരന്റെ കണ്ണുവെട്ടിച്ച് പടികളിറങ്ങി റോഡിലേക്ക് ഓടുകയായിരുന്നു.
ഈ സമയം റോഡരികിൽ ബൈക്കുമായി കാത്തുനിന്ന സുഹൃത്തിനൊപ്പം ഇയാളുടെ ബൈക്കിന്റെ പിറകിൽ കയറി ഇയാൾ രക്ഷപ്പെട്ടു. കണ്ണവം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത മയക്കുമരുന്ന് കേസിലാണ് വടകര കോടതി ഹർഷാദിനെ പത്ത് വർഷം തടവിന് ശിക്ഷിച്ചിരുന്നത്. കണ്ണൂർ എ.സി.പി കെ.വി. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണമാണ് വിജയം കണ്ടത്. ടൗൺ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ സവ്യസാചി, എം. അജയൻ, രഞ്ചിത്ത്, നാസർ, ഷൈജു, വിനിൽ, ഷിജി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Drug case suspect who escaped from Kannur Central Jail arrested