കണ്ണൂർ :(www.panoornews.in) ഓടുന്ന ബസില്‍ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വളക്കൈ കിരാത്തെ ചിറയില്‍ ഹൗസില്‍ എം. വിപിനെയാണ് (29) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ടി.എൻ. സന്തോഷ് കുമാർ അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ്- ശ്രീകണ്ഠപുരം വഴി ഇരിക്കൂര്‍ പെരുമണ്ണിലേക്ക് പോവുകയായിരുന്ന നെല്ലൂര്‍ ബസിലായിരുന്നു കത്തിക്കുത്ത് നടന്നത്.
ബസ് രാത്രി 7.45ഓടെ ചെങ്ങളായില്‍ എത്തിയപ്പോള്‍ പൈസക്കരി സ്വദേശി അഭിലാഷിനെ (29) കത്തി കൊണ്ട് വിപിന്‍ കുത്തുകയായിരുന്നു. കഴുത്തിലാണ് കുത്തേറ്റത്. ബസിലെ യാത്രക്കാര്‍ കത്തി പിടിച്ചുവാങ്ങുന്നതിനിടയില് വിപിനും പരിക്കേറ്റിരുന്നു.
പരിക്കേറ്റ അഭിലാഷിനെ ആദ്യം ശ്രീകണ്ഠപുരം സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പരിക്കേറ്റ വിപിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വിപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈയാളെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു.
A 29-year-old man was arrested after a passenger was stabbed in a bus in Sreekantapuram, Kannur.