(www.panoornews.in)പാലക്കാട് റെയില്‍വെ ട്രാക്കിൽ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചിൽ നിര്‍ത്തിവെച്ചു. ഷൊര്‍ണൂരിന് സമീപമുള്ള കൊച്ചിൻ പാലത്തിൽ നിന്നും ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണുവെന്ന് സംശയിക്കപ്പെടുന്ന ശുചീകരണ തൊഴിലാളിയായ സേലം സ്വദേശിയായ ലക്ഷ്മണൻ (48) എന്നയാള്‍ക്കായായാണ് ഇന്ന് വൈകിട്ട് വരെ ഫയര്‍ഫോഴ്സ് തെരച്ചിൽ നടത്തിയത്.
മരിച്ച മൂന്നുപേരുടെയും മൃതദേഹം ട്രാക്കിൽ നിന്നായി കണ്ടെത്തിയിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ നാലാമത്തെയാളെ കണ്ടെത്താൻ നാളെ പുലര്‍ച്ചെ വീണ്ടും തെരച്ചിൽ ആരംഭിക്കും. ഇന്ന് വൈകിട്ട് ആറുവരെ തെരച്ചിൽ നടത്തി. പുഴയിൽ അടിയൊഴുക്ക് ശക്തമായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. നാളെ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീമും സ്ഥലത്തെത്തി തെരച്ചിൽ നടത്തും.
ഷോർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചി റെയിൽവേ മേൽപ്പാലത്തിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെ ആയിരുന്നു അപകടം. റെയിൽവേ കരാർ തൊഴിലാളികളും സേലം അയോധ്യപട്ടണം സ്വദേശികളുമായ ലക്ഷ്മണൻ (60), ഭാര്യ വള്ളി (55), അയോധ്യപട്ടണം സ്വദേശിയായ റാണി (45) എന്നിവരാണ് മരിച്ചത്.
റാണിയുടെ ഭര്‍ത്താവ് ലക്ഷ്മണൻ (48)നെയാണ് കണ്ടെത്താനുള്ളത്. ലക്ഷ്മണനുവേണ്ടിയാണ് പുഴയിൽ തെരച്ചിൽ നടത്തുന്നത്. മരിച്ച റാണിയും വല്ലിയുംയും സഹോദരിമാരാണ്. അഞ്ചുവര്‍ഷമായി നാലുപേരും ഒറ്റപ്പാലത്താണ് താമസം. അപകട കാരണത്തെ പറ്റി റെയിൽവേ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റെയില്‍വെ പൊലീസ് അറിയിച്ചു.
സംഭവം നടന്നതിന്‍റെ റെയില്‍വെ ട്രാക്കിന് സമീപമായി തൊഴിലാളികളുടെ ഭക്ഷണ പാത്രങ്ങളും തുണികളും മറ്റു വസ്തുക്കളെല്ലാം കിടക്കുന്നുണ്ട്. തൊഴിലാളികള്‍ ചാക്കുകളിലാക്കിയ മാലിന്യങ്ങളും ട്രാക്കിന് സമീപമുണ്ട്.
Sisters of women workers killed in Shornur train accident; The search for the missing person will continue tomorrow