(www.panoornews.in)ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി തമിഴ്നാട് സ്വദേശികളായ നാല് ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹം കിട്ടി.
ഷൊര്‍ണൂര്‍ പാലത്തിന് വെച്ച് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. നാലുപേരും കരാര്‍ തൊഴിലാളികളാണ്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങള്‍ ശേഖരിച്ച് വരുന്നതിനിടെ ഷൊര്‍ണൂര്‍ പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ ട്രെയിൻ തട്ടിയത്. മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചത്. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
സംഭവസ്ഥലത്ത് വെച്ച് തന്നെ നാലുപേരും മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. പാലത്തിൽ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ട്രെയിൻ വന്നപ്പോള്‍ ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ട്രെയിൻ വരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.
A train hit in Shornur, four persons met a tragic end; Sanitation workers died