(www.panoornews.in) നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി. അൻവർ എം.എൽ.എ. താൻ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനു തന്നെയെന്ന് പറഞ്ഞ അൻവർ തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സപിഎമ്മിനുണ്ടെങ്കിൽ നമുക്ക് നോക്കാം എന്നും പറഞ്ഞു. നിയമസഭയിലെ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും വേറെ സീറ്റ് വേണമെന്ന് സ്പീക്കർക്ക് കത്തു കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നിയമസഭയിൽ നിലത്ത് തറയിലും ഇരിക്കാമല്ലോ. നല്ല കാർപ്പറ്റാണ്. തോർത്തുമുണ്ട് കൊണ്ട് പോയാൽ മതി. തറയിൽ ഇരിക്കാനും തയ്യാറാണ്. ഞങ്ങളെ വോട്ടുവാങ്ങി ജയിച്ചു എന്നാണ് പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞത്.
ആ സ്ഥിതിക്ക് കസേരയിൽ ഇരിക്കാൻ എനിക്ക് യോഗ്യത ഉണ്ടാകില്ല. കുറച്ച് വോട്ട് എന്റെയും ഉണ്ടല്ലോ. എന്റെ വോട്ടിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ തറയിൽ മുണ്ടുവിരിച്ച് ഇരിക്കാനുള്ള യോഗ്യതയല്ലേ എനിക്കുള്ളൂ. അങ്ങനെ ഇരുന്നുകൊള്ളാം'- പി.വി. അൻവർ പറഞ്ഞു.
പി. ശശി വക്കീൽ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, അദ്ദേഹത്തിന്റെ വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും നോട്ടീസ് കിട്ടിയാൽ മറുപടി കൊടുക്കാമെന്നും പറഞ്ഞു.
താൻ കൊടുത്ത പരാതി പാർട്ടിക്കാണ്. അത് പൊട്ടിച്ചു നോക്കിയിട്ടുണ്ടോ എന്നറിയില്ല. പൊട്ടിച്ചു നോക്കിയിട്ടുണ്ടെങ്കിൽ പരാതിയിൽ കഴമ്പില്ല എന്ന് പാർട്ടി സെക്രട്ടറി പറയില്ലായിരുന്നുവെന്നും പി.വി. അൻവർ കൂട്ടിച്ചേർത്തു.
Will not sit with the opposition in the Legislative Assembly, ready to spread the floor and sit on the floor - P.V. Anwar