(www.panoornews.in) കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്ന പരാതിയിൽ ലോറിയുടമ മനാഫിനെതിരെ കേസ്.
അർജുന്റെ സഹോദരി അഞ്ജുവിന്റെ പരാതിയിലാണ് കേസ്. ചേവായൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ അർജുന്റെ കുടുംബത്തെ അപകീർത്തിപെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
മനാഫും മുങ്ങൽ വിദഗ്ധർ ഈശ്വർ മാൽപെയും അർജുന്റെ തിരോധാനം ഉപയോഗിച്ച് യൂട്യൂബിലൂടെ നേട്ടമുണ്ടാക്കുകയാണെന്നതടക്കമുള്ള ആരോപണങ്ങൾ അർജുന്റെ കുടുംബം ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ, ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ അഭിജിത് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്.
എന്നാൽ, അർജുന്റെ പേരിൽ പണം പിരിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച മനാഫ്, താൻ യൂട്യൂബ് ചാനൽ തുടങ്ങിയത് തെറ്റായ കാര്യമല്ല എന്ന് പ്രതികരിച്ചിരുന്നു.
അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ജനങ്ങളുടെ ശ്രദ്ധയിൽ എത്തിക്കാനാണ് ചാനൽ തുടങ്ങിയതെന്നും ഒരാളിലേക്കെങ്കിലും അത് എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യമെന്നുമായിരുന്നു മനാഫ് മാധ്യമങ്ങളോട് പറഞ്ഞത്.
Complaint of defaming Arjun's family, case against lorry owner Manaf