(www.panoornews.in) ഒരുമിച്ച് കളിച്ച് നടന്നവർ...ഒടുവിൽ മടക്കവും ഒരുമിച്ച്... കുറ്റ്യാടി പുഴയിലെ ഒഴുക്കിൽപ്പെട്ട് മരിച്ച മുഹമ്മദ് റിസ്വാനും മുഹമ്മദ് സിനാനും വിട നൽകാനൊരുങ്ങി നാട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം പറക്കടവ് ജുമാമസ്‌ജിദിൽ വൈകുന്നേരം രണ്ട് മണിയോടെ ഖബറടക്കും.
ഇന്നലെ വൈകുന്നേരമാണ് പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (14), പാറക്കടവിലെ കുളായിപ്പൊയിൽ മജീദിൻ്റെ മകൻ മുഹമ്മദ് സിനാൻ (14) എന്നിവർ ഒഴുക്കിൽപ്പെട്ട് മരിച്ചത്.
ഫുട്ബോൾ കളി കഴിഞ്ഞ് വരുംവഴി ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്. എന്നാൽ പെട്ടെന്ന് ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
നാട്ടുകാരും രക്ഷാപ്രവർത്തകരും നടത്തിയ രക്ഷാപ്രവർത്തനത്തിൽ മുഹമ്മദ് റിസ്വാനെ ഉടൻ മുങ്ങിയെടുത്തെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.
പേരാമ്പ്രയിൽ നിന്നും നാദാപുരത്തുനിന്നും എത്തിയ ഫയർഫോഴ്‌സ് അംഗകളും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിലൊടുവിലാണ് മുഹമ്മദ് സിനാനെ കണ്ടെത്താനായത്. രണ്ടു പേരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഇരുവരുടെയും അപ്രതീക്ഷിത മരണത്തെ തുടർന്ന് കുറ്റ്യാടി വ.ഹയർസെക്കന്ററി സ്ക്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Today including the grave of the children who died due to the current in the Kuttyadi river