(www.panoornews.in) അന്തരിച്ച സിപിഎം നേതാവും അച്ഛനുമായ എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന പരാതിയുമായി മകൾ ആശ ലോറൻസ്. വനിതകൾ അടങ്ങിയ സിപിഎം റെഡ് വളണ്ടിയർമാരാണ് മർദ്ദിച്ചത്.
സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎൽ സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നു.
കൊച്ചി കമീഷണർക്കാണ് ആശ പരാതി നൽകിയത്. മർദ്ദനത്തിൽ തനിക്ക് പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു. അതേസമയം, പരാതി കൊച്ചി നോർത്ത് പൊലീസിന് കൈമാറിയെന്നും ഉടൻ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു.
അതേസമയം, എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്ന കാര്യത്തിൽ തീരുമാനത്തിൽ എത്താൻ നടപടികൾ തുടങ്ങിയിരിക്കുകയാണ് കളമശ്ശേരി മെഡിക്കൽ കോളേജ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നിൽ ഹാജരായി നിലപാട് വ്യക്തമാക്കാൻ മൂന്ന് മക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ഓരോരുത്തർക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേൾക്കും. പ്രിൻസിപ്പൽ, സൂപ്രണ്ട്, ഫോറൻസിക്, അനാട്ടമി വിഭാഗം മേധാവികൾ, വിദ്യാർത്ഥി പ്രതിനിധി എന്നിവരുൾപ്പെട്ടതാണ് ഉപദേശകസമിതി.
മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്നാണ് അച്ഛൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകൻ എംഎൽ സജീവനും മകൾ സുജാതയും പറയുന്നു.
അങ്ങനെയൊരു കാര്യം അച്ഛൻ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്കരിക്കണമെന്നും ഇളയമകൾ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങൾ പരിശോധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്.
Asha Lawrence files complaint against CPM Red Volunteers who 'beat her and her son'