(www.panoornews.in) സബ് ജില്ല ശാസ്ത്രമേളകൾ നടക്കാൻ ദിവസങ്ങൾ മാത്രമിരിക്കെ തുഗ്ലക്ക് പരിഷ്ക്കരണമെന്നോണം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു.
അടുത്ത അധ്യയന വർഷം മുതൽ പുതുക്കിയ മാന്വൽ പ്രകാരമാണ് ശാസ്ത്രമേളകൾ നടക്കുക. സബ് ജില്ലാ ശാസ്ത്ര മേളകൾ അടുത്ത മാസം 15 മുതൽ നടക്കാനിരിക്കെ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ മാന്വൽ പരിഷ്ക്കരണമാണ് വിദ്യാർത്ഥികളെയും, അധ്യാപകരെയും ഒരു പോലെ വെട്ടിലാക്കിയത്.
സ്കൂൾ തല മത്സരം കഴിഞ്ഞ് കുട്ടികൾ പരിശീലനം തുടങ്ങിയപ്പോഴാണ് പുതുക്കിയ മാന്വലിൻ്റെ സമയം തെറ്റിയ വരവ് ഉണ്ടായത്. അധ്യാപകർ അവധി ദിവസങ്ങളിലടക്കം ശാസ്ത്രമേളയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുമ്പോഴാണ് പല വ്യക്തിഗത ഇനങ്ങൾ ഒഴിവാക്കിയും, പുതിയവ കൂട്ടിച്ചേർത്തും പുതുക്കിയ മാന്വലിൻ്റെ അപ്രതീക്ഷിത വരവ്. മാന്വൽ പ്രകാരം പരമ്പരാഗതമായി നടന്നു വരുന്ന ചന്ദനത്തിരി, ചോക്ക്, പനയോല നിർമ്മാണങ്ങൾ ഒഴിവാക്കി പുതിയവ കൂട്ടിച്ചേർത്തിരുന്നു.
എൽപി - യുപി വിഭാഗങ്ങളിൽ 3 ഇനങ്ങൾ വീതം ഒഴിവാക്കുകയും, കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. ഹൈസ്ക്കൂൾ, ഹയർ സെക്കൻ റി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ 7 ഇനങ്ങൾ ഒഴിവാക്കി 8 ഇനങ്ങൾ കൂട്ടിച്ചേർത്തു. യു.പി വിഭാഗത്തിൽ പനയോലകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, വോളിവോൾ / ബാഡ്‌മിൻ്റൺ നെറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം
എന്നി പരമ്പരാഗത മത്സര ഇനങ്ങൾ ഒഴിവാക്കിയപ്പോൾ ഒറിഗാമി, പോട്ടറി പെയിൻ്റിംഗ്, പോസ്റ്റർ ഡിസൈൻ എന്നിവ കൂട്ടിച്ചേർത്തു. ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ നിന്നും ചന്ദനത്തിരി, പ്ലാസ്റ്റർ ഓഫ് പാരീസ്, പനയോല, തഴയോല, കുട നിർമ്മാണം, വോളിബോൾ നെറ്റ്, ചോക്ക് നിർമ്മാണം എന്നിവ ഒഴിവാക്കിയപ്പോൾ വിവിധ തരം ക്യാരിബാഗുകളുടെ നിർമ്മാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാന രൂപ ചിത്രണം, പോസ്റ്റർ ഡിസൈനിംഗ്, പോട്ടറി പെയിൻ്റിംഗ്, കവുങ്ങിൻ പോള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവ പുതുതായി കൂട്ടി ചേർത്തു.
സബ് ജില്ലാ ശാസ്ത്രമേള ദിവസങ്ങൾക്കകം നടക്കാനിരിക്കെ പുതിയ ഇനം ഇനി പഠിച്ച് എടുക്കാനുളള സമയക്കുറവും സാമ്പത്തിക ബുദ്ധിമുട്ടും ഏറെയാണ്. ഇത് കൂടാതെ പുതുക്കിയ ഇനങ്ങളുടെ മാനദണ്ഡങ്ങളെ കുറിച്ച് ഇനിയും ഒരു പാട് വ്യക്ത വരുത്തേണ്ടതുമുണ്ടായിരുന്നു.
തങ്ങൾ ഇനിയെന്തു ചെയ്യുമെന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നിൽക്കുകയായിരുന്ന അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദുരവസ്ഥ ട്രൂ വിഷൻ വാർത്തയാക്കിയിരുന്നു. ഇതോടെ അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയും മാന്വലിനെതിരെ രംഗത്തെത്തി.
സമയം തെറ്റിയുള്ള മാന്വലാണെന്നും, മാന്വൽ നടപ്പാക്കരുതെന്നും കെ.പി എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രമേശൻ ആവശ്യപ്പെട്ടിരുന്നു. മാന്വൽ ഈ വർഷം തന്നെ നടപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ശാഠ്യം പിടിച്ചാൽ പല കുട്ടികൾക്കും ഈ വർഷം ശാസ്ത്ര മേളയിൽ പങ്കെടുക്കാൻ പറ്റാത്ത സ്ഥിതിയാണ് ഉണ്ടാകുമായിരുന്നത്. മാത്രമല്ല ഒഴിവാക്കപ്പെട്ട ഇനങ്ങളിൽ പങ്കെടുക്കാൻ തയ്യാറെടുത്ത എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്കിനെയും ഇത് സാരമായി ബാധിക്കുമായിരുന്നു. പുതുക്കിയ ശാസ്ത്രോത്സവ മാന്വൽ അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കിയിൽ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാനാകും.
2024 - 25 അധ്യയന വർഷം തങ്ങളുടെതല്ലാത്ത കാരണത്താൽ ശാസ്ത്രമേളയിൽ അവസരം നഷ്ടപ്പെടുമായിരുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ സർക്കാറിൻ്റെയും, വിദ്യാഭ്യാസ വകുപ്പിൻ്റെയും അനുകൂല തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് പുതുക്കിയ മാന്വൽ പിൻവലിച്ചുകൊണ്ടുള്ള ആശ്വാസകരമായ അറിയിപ്പ് എത്തുന്നത്. അടുത്ത അധ്യയന വർഷം പുതുക്കിയ മാന്വൽ പ്രകാരമാണ് ശാസ്ത്രോത്സവം നടത്തുക.
Amid controversies, the state school science festival manual released by the education department was withdrawn; KPSTA also benefits, True Vision Impact...