(www.panoornews.in) ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വീടൊരുങ്ങുന്നു. വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കുന്ന പത്ത് ലക്ഷം രൂപ വീട് വെക്കാനായി എംഎല്‍എ ടി സിദ്ദിഖിന് കൈമാറി.
ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ചൂരല്‍മലയിലെ പുതിയ വീടിന്‍റെ ഗൃഹപ്രവേശനം പൂര്‍ത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്പോഴാണ് ഉരുള്‍പൊട്ടലുണ്ടായത്.
ശ്രുതിക്ക് അച്ഛനും അമ്മയും സഹോദരിയും നഷ്ടപ്പെട്ടു. വീടും ഇല്ലാതായി. അപകടത്തില്‍ പരിക്കേറ്റ് കല്‍പ്പറ്റയിലെ താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുമ്പോഴാണ് സഹായം എത്തുന്നത്. വീട് വെച്ചു നല്‍കുമെന്നതായിരുന്നു വാഗ്ദാനം. എന്നാല്‍ ശ്രുതിയുടെ താല്‍പ്പര്യം അനുസരിച്ച് കല്‍പ്പറ്റയില്‍ തന്നെ വീട് വെക്കാനുള്ള തുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ നല്‍കിയത്.
മുന്നോട്ട് ജീവിക്കാൻ ശ്രുതിക്ക് ജോലി കൂടി വേണം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ജോലി നിലവിലെ സാഹചര്യത്തില്‍ തുടരാൻ കഴിയില്ല. അതിനാല്‍ സർക്കാർ ജോലി ലഭ്യമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ടി സിദ്ദിഖ് പറഞ്ഞു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കുടംബത്തിലെ 9 പേരാണ് ശ്രുതിക്ക് നഷ്ടപ്പെട്ടത്.
പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരൻ ജെൻസണും മരിച്ചു. അപകടത്തില്‍ രണ്ട് കാലും ഒടിഞ്ഞ ശ്രുതി ഇപ്പോള്‍ കല്‍പ്പറ്റയില്‍ ബന്ധുക്കളോടൊപ്പമാണ് കഴിയുന്നത്. ഒരു കാലിന് ശസ്ത്രക്രിയ പൂര്‍ത്തിയായി. രണ്ടാമത്തെ കാലിനും വൈകാതെ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. അതിനാല്‍ മാസങ്ങള്‍ നീളുന്ന വിശ്രമം കൊണ്ട് മാത്രമേ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ ശ്രുതിക്കാകു.
Bobby Chemmannur gave 10 lakh rupees to prepare a house for Shruti; T. Siddique MLA said that steps will be taken to provide government jobs