(www.panoornews.in) പാനൂരിൻ്റെ ഉറക്കം കെടുത്തി വിദ്യാർത്ഥികളുടെ തമ്മിലടി തുടരുന്നു. ഇത് നാലാം തവണയാണ് വിദ്യാർത്ഥികൾ തമ്മിൽ പാനൂരിൽ ഏറ്റുമുട്ടുന്നത്.
ഇത്തവണ കെ.കെ.വി.എം എച്ച്.എസ്.എസിലെ പ്ലസ് ടു - പ്ലസ് വൺ വിദ്യാർത്ഥികളാണ് ഇന്ന് ഉച്ചയോടെ തമ്മിലടിച്ചത്. ടൗൺ ജംഗ്ഷനിൽ ഹെൽമറ്റ് അടക്കമുള്ള സാധനങ്ങൾ ഉപയോഗിച്ച് ചേട്ടന്മാരും, അനിയന്മാരും ഭീകരാന്തരീഷം സൃഷ്ടിച്ച് തമ്മിലടിച്ചത്.
സമീപത്തെ ടാക്സി ഡ്രൈവർമാരും, വ്യാപാരികളും ഓടിയെത്തി വിദ്യാർത്ഥികളെ പിടിച്ചു മാറ്റി. വിദ്യാർത്ഥികളെ പിടിച്ചു മാറ്റുന്നതിനിടെ ടാക്സി ഡ്രൈവർ ഇ.മനീഷിന് പുറത്ത് ഹെൽമറ്റ് കൊണ്ടുള്ള അടിയുമേറ്റു.
രണ്ടാഴ്ച മുമ്പ് തൊട്ടടുത്ത പി ആർ എം എച്ച് എസ് എസിലെ പ്ലസ് ടു - പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലേറ്റുമുട്ടിയിരുന്നതായും, നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ സംഘർഷ വഴിയിലൂടെ തള്ളിവിടാതെ തടയാൻ അധ്യാപകർക്കും, ജാഗ്രതാ സമിതിക്കുമുൾപ്പടെ സാധിക്കണമെന്നും ഇ.മനീഷ് പറഞ്ഞു.
സ്കൂളിൽ നടക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാൻ അധ്യാപകർക്ക് സാധിക്കുന്നുണ്ടെങ്കിലും, പുറത്തെ സംഘർഷങ്ങൾ തടയാൻ ജാഗ്രതാ സമിതിയും,പൊലീസും ശക്തമായി ഇടപെടണമെന്ന് ടൗണിലെ വ്യാപാരി ഹാരിസ് അസ്ദയും പറഞ്ഞു.
വിദ്യാർത്ഥികൾക്കെതിരെ ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാനാണ് തീരുമാനമെന്ന് പാനൂർ എസ്ഐ രാംജിത്തും അറിയിച്ചു. സ്കൂളിലെത്തിയ പൊലീസ് സംഘർഷത്തിലേർപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും, ശാസിക്കുകയും ചെയ്തു. നേരത്തെ ചുണ്ടങ്ങാപ്പൊയിൽ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ പാനൂർ ബസ്സ്റ്റാൻ്റിൽ വച്ച് രണ്ട് തവണ ഏറ്റുമുട്ടിയിരുന്നു.
Plus Two-Plus One student conflict again in Panur; The taxi driver who came to arrest him was hit with a helmet.