(www.panoornews.in) വണ്ടൂരില്‍ നിപ ബാധിച്ച് മരിച്ച 24-കാരന്‍ നാല് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നതായും സുഹൃത്തുകള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ചയാണ് ബെംഗളൂരുവില്‍ വിദ്യാര്‍ഥികൂടിയായ യുവാവ് മരിച്ചത്. പുണെ വൈറോളജി ലാബിലെ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നാണ് യുവാവിന് നിപ ബാധിച്ചിരുന്നതായി സ്ഥിരീകരണമുണ്ടായത്.
ഇതുവരെ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഐസൊലേഷനിലുള്ള അഞ്ചു പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അപൂര്‍വമെങ്കിലും അണുബാധ സാധ്യതയുള്ള എല്ലാവരെയും കോണ്‍ടാക്ട് ട്രേസിംഗ് നടത്തി നിരീക്ഷണത്തിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. ആര്‍ക്കെങ്കിലും അണുബാധയുണ്ടായിട്ടുണ്ടെങ്കില്‍ തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ച് ജീവന്‍ രക്ഷിക്കുന്നതിനും പുതുതായി ആര്‍ക്കും അണുബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും വേണ്ടിയുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു.
Nipa death: 24-year-old man sought treatment in four hospitals; 151 persons in primary contact list