---
title: "പൊന്നിനേം വെല്ലും പാറാലിലെ റഫീഖിൻ്റെ  സത്യസന്ധത ;   പെരളശ്ശേരിയിലെ ശരത്തിന് തിരികെ ലഭിച്ചത്  ഭാര്യയുടെ നഷ്ടപ്പെട്ട  മൂന്നര പവൻ്റെ  താലിമാല"
english_title: "Rafiq's honesty in Ponnynem Vellum Paral;Sarath of Peralassery got back his wife's lost three-and-a-half-pavan thalimala"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200691/rafiqs-honesty-in-ponnynem-vellum-paralsarath-of-peralassery-got-back-his-wifes-lost-three-and-a-half-pavan-thalimala"
published_at: "2024-04-23T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627cd1b0f890_fefefefef.jpg"
keywords: []
---

# പൊന്നിനേം വെല്ലും പാറാലിലെ റഫീഖിൻ്റെ  സത്യസന്ധത ;   പെരളശ്ശേരിയിലെ ശരത്തിന് തിരികെ ലഭിച്ചത്  ഭാര്യയുടെ നഷ്ടപ്പെട്ട  മൂന്നര പവൻ്റെ  താലിമാല

> **Lead Summary:** **തലശ്ശേരി : **പാറാലിലെ സുബൈദാ മഹലിൽ റഫീഖിന്റെ സത്യസന്ധതയിൽ പെരളശ്ശേരി മാവിലായിലെ കുളങ്ങരക്കണ്ടിയിൽ ശരത്തിന് തിരികെ ലഭിച്ചത് ഭാര്യയുടെ നഷ്ടപ്പെട്ട മൂന്നര പവൻ താലിമാല. തലശ്ശേരി ടൗൺഹാളിനടുത്തുള്ള വാഹനസ്റ്റിക്കർ സ്ഥാപനത്തിൽ എത്തി തിരിച്ചു വരുന്നതിനിടയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് താലിമാല കളഞ്ഞു പോയത്.

## Article Content

**തലശ്ശേരി : **പാറാലിലെ സുബൈദാ മഹലിൽ റഫീഖിന്റെ സത്യസന്ധതയിൽ പെരളശ്ശേരി മാവിലായിലെ കുളങ്ങരക്കണ്ടിയിൽ ശരത്തിന് തിരികെ ലഭിച്ചത് ഭാര്യയുടെ നഷ്ടപ്പെട്ട മൂന്നര പവൻ താലിമാല. തലശ്ശേരി ടൗൺഹാളിനടുത്തുള്ള വാഹനസ്റ്റിക്കർ സ്ഥാപനത്തിൽ എത്തി തിരിച്ചു വരുന്നതിനിടയിൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് താലിമാല കളഞ്ഞു പോയത്.

ഏറെ തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാഞ്ഞതിനാൽ വിഷമത്തോടെ തലശ്ശേരി  പോലീസിൽ പരാതി നൽകി. ഇതിനിടയിലാണ്  പ്രവാസിയായ റഫീഖ് മകന്റെ  കല്യാണം ക്ഷണിക്കാൻ പാറാൽ ചെമ്പ്രയിലെ വീട്ടിൽ നിന്നും  തലശേരി ടൗൺഹാളിനടുത്തുള്ള ബന്ധുവിന്റെ സ്റ്റിക്കർ കടയിലെത്തിയത്.

സ്കൂട്ടർ നിർത്തി കടയിലേക്ക് കയറുന്നതിനിടയിൽ നിലത്ത് വീണ നിലയിൽ ഒരു താലിമാല റഫീഖിന് ലഭിച്ചു. മാല കടയിൽ നൽകാൻ തീരുമാനിച്ചെങ്കിലും ബന്ധു സിറാജ് സ്ഥലത്തില്ലാത്തതിനാൽ  കൈയ്യിൽ തന്നെ സൂക്ഷിച്ചു. പിന്നെയും പലയിടത്തും പോയതിന് ശേഷമാണ് വീട്ടിൽ തിരിച്ചെത്തിയത്.

കൈവശമുണ്ടായ മാല സ്വർണ്ണ പണിക്കാരെ കാണിച്ച് സ്വർണ മെന്ന് ഉറപ്പു വരുത്തി. ഇതോടെ എങ്ങിനെയെങ്കിലും ഉടമസ്ഥനെ കണ്ടെത്തി ഏൽപിക്കണമെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ദിവസം തലശ്ശേരി പോലീസ് സ്റ്റേഷനിൽ ചെന്ന് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. താലിമാല നഷ്ടപ്പെട്ട പെരളശ്ശേരിയിലെ ദമ്പതികളുടെ പരാതി  നേരത്തെ ലഭിച്ചതിനാൽ  പോലീസിന്  വേഗം ഇടപെടാനായി

. പരാതി നൽകിയവരോട് തെളിവുകൾ എത്തിക്കാൻ പോലിസ് ആവശ്യപ്പെട്ടു. ഭാര്യ താലിമാല ധരിച്ചു നിൽക്കുന്ന ഫോട്ടോ ശരത്ത് ഹാജരാക്കി.  നിജസ്ഥിതി ഉറപ്പിച്ച ശേഷം ദമ്പതികളെ സ്റ്റേഷനിലേക്ക്  പോലിസ് വിളിച്ചു വരുത്തി. എസ്. ഐ. അഷ്റഫിന്റെ സാന്നിദ്ധ്യത്തിൽ റഫീഖ് താലിമാല ശരത്തിന് കൈമാറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200691/rafiqs-honesty-in-ponnynem-vellum-paralsarath-of-peralassery-got-back-his-wifes-lost-three-and-a-half-pavan-thalimala)