---
title: "മലയാള കലാഗ്രാമത്തിൽ പ്രശാന്ത് ഒളവിലത്തിൻ്റെ ആനോ ചിത്രപ്രദർശനം തുടങ്ങി"
english_title: "Prashant Olavilat's Ano film exhibition has started at Malayalam Kalagram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/200033/prashant-olavilats-ano-film-exhibition-has-started-at-malayalam-kalagram"
published_at: "2024-04-20T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6623c2f6a0c98_Untitled-10_copy.jpg"
keywords: []
---

# മലയാള കലാഗ്രാമത്തിൽ പ്രശാന്ത് ഒളവിലത്തിൻ്റെ ആനോ ചിത്രപ്രദർശനം തുടങ്ങി

> **Lead Summary:** നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിന് ചിത്രകാരൻ പ്രശാന്ത് ഒളവിലം ദൃശ്യഭാഷ്യം നൽകിയ 130 ജലഛായ ചിത്രങ്ങളുടെ പ്രദർശനം ന്യൂമാഹി മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ തുടങ്ങി. 500 വർഷം മുമ്പ് നിലമ്പൂരിൽ നിന്ന് റോമിലേക്ക് പുറപ്പെട്ട ഒരു കുട്ടിയാന ലിയോ പത്താമൻ മാർപാപ്പയുടെ ഓമനയായി മാറി. അവനെ ആ നാട്ടുകാർ ആനോ എന്ന് വിളിച്ചു. മധ്യകാല യൂറോപ്യൻ ചരിത്രത്തിൽ സജീവമായി പങ്കെടുത്ത മലയാളി മനുഷ്യനല്ല കുട്ടിയാനയായിരുന്നു.

## Article Content

നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ആനോ എന്ന നോവലിന് ചിത്രകാരൻ പ്രശാന്ത് ഒളവിലം ദൃശ്യഭാഷ്യം നൽകിയ 130 ജലഛായ ചിത്രങ്ങളുടെ പ്രദർശനം ന്യൂമാഹി മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ തുടങ്ങി. 500 വർഷം മുമ്പ് നിലമ്പൂരിൽ നിന്ന് റോമിലേക്ക് പുറപ്പെട്ട ഒരു കുട്ടിയാന ലിയോ പത്താമൻ മാർപാപ്പയുടെ ഓമനയായി മാറി. അവനെ ആ നാട്ടുകാർ ആനോ എന്ന് വിളിച്ചു. മധ്യകാല യൂറോപ്യൻ ചരിത്രത്തിൽ സജീവമായി പങ്കെടുത്ത മലയാളി മനുഷ്യനല്ല കുട്ടിയാനയായിരുന്നു.

ഈ സംസ്കാരവും കെട്ടിടരൂപങ്ങളും പത്തേമാരികളുമെല്ലാം പ്രാചീനതയുടെ സ്മരണകൾ ഉണർത്തുന്ന മോണാേ ക്രോം സെപിയ കളറിലാണ് പ്രശാന്ത് ഒളവിലം ചിത്രീകരിച്ചത്. നോവലിസ്റ്റ് ജി.ആർ. ഇന്ദുഗോപൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. നോവലിൻ്റെ ഭൂമി ശാസ്ത്രത്തെയും ആത്മാവിനെയും തൊട്ടറിഞ്ഞ് ആനോ എന്ന നോവലിന് ഗംഭീര്യം നൽകുന്ന നെറ്റിപ്പട്ടമായിത്തീർന്നു പ്രശാന്തിൻ്റെ വരകളെന്ന് നോവലിസ്റ്റ് വ്യക്തമാക്കി.

നോവൽ പൊലെ തന്നെ വരകളും മറ്റൊരു കൃതിയാവുന്ന കാഴ്ചയാണിത്. കഥാകൃത്തിൻ്റെ മനസിനെ അതേപടി ആവാഹിച്ച് പുന:സൃഷ്ടിച്ചു കൊണ്ടുള്ള വലിയ സഹപ്രവർത്തനമായിരുന്നു ചിത്രകാരൻ നിർവ്വഹിച്ചതെന്ന് ഇന്ദുഗോപൻ പറഞ്ഞു. കലാഗ്രാമം ട്രസ്റ്റി ഡോ: എ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു.

കോളമിസ്റ്റും വന്യ ജീവി ഫോട്ടോഗ്രാഫറുമായ അസീസ് മാഹി, ചിത്രകാരൻ സുരേഷ് കൂത്തുപറമ്പ്, മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, കലാഗ്രാമം രജിസ്ട്രാർ എം.ഹരീന്ദ്രൻ, ചിത്രകാരൻ പ്രശാന്ത് ഒളവിലം എന്നിവർ പ്രസംഗിച്ചു. തുടർന്ന് ശ്രീനാഥ് ഒളവിലം അവതരിപ്പിച്ച പുല്ലാങ്കുഴൽ ഫ്യൂഷനുമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/200033/prashant-olavilats-ano-film-exhibition-has-started-at-malayalam-kalagram)