പാനൂർ:(www.panoornews.in) കഴിഞ്ഞ ദിവസം അന്തരിച്ച കൂത്ത്പറമ്പ് സമര പോരാളി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ്റെ വസതിയിലെത്തി മുഖ്യമന്ത്രി.
കഴിഞ്ഞ ദിവസം ഡൽഹിയിലായതിനാൽ മുഖ്യമന്ത്രിക്ക് പുഷ്പൻ്റെ സംസ്കാര ചടങ്ങുകൾക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് മുഖ്യമന്ത്രി കുടുംബത്തെ ആശ്വസിപ്പിക്കാൻ വൈകീട്ട് 3.30 ഓടെ ചൊക്ലിയിലെ പുതുക്കുടിയിലെത്തിയത്.
ശനിയാഴ്ചയാണ് കൂത്ത്പറമ്പ് വെടിവെപ്പിലെ രക്തസാക്ഷി പുതുക്കുടി പുഷ്പൻ അന്തരിച്ചത്. ഞായറാഴ്ച വൈകീട്ടോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാവുകയും ചെയ്തു. ഡൽഹിയിൽ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ പുഷ്പന്റെ സംസ്കാര ചടങ്ങുകളിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.
തിങ്കളാഴ്ച്ച വൈകീട്ടോടെ കണ്ണൂരിൽ വിമാനമിറങ്ങിയ മുഖ്യമന്ത്രി നേരെ പുഷ്പന്റെ വീട് സന്ദർശിക്കുകയായിരുന്നു. പുഷ്പൻ്റെ സഹോദരങ്ങൾ ഉൾപ്പടെയുള്ള ബന്ധുക്കളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. പുഷ്പന്റെ ചിതയ്ക്കു അരികിലും മുഖ്യമന്ത്രി അല്പസമയം ചിലവഴിച്ചു. ഫോട്ടോയ്ക്ക് മുൻപിൽ പുഷ്പാർച്ചനയും നടത്തി.
സ്പീക്കർ അഡ്വ.എ.എൻ ഷംസീർ, സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ കമ്മിറ്റിയംഗം പി.ഹരീന്ദ്രൻ, പാനൂർ ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
The Chief Minister reached the residence of Pudukkudy Pushpan, a Koothparam struggle fighter; The Chief Minister consoled the relatives and offered floral tributes