പാനൂർ:(www.panoornews.in) പാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പുതുതായി നിർമ്മിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ ശിലാസ്ഥാപനം വള്ള്യായി നവോദയക്കുന്നിൽ നടന്നു. കെ.പി. മോഹനൻ എം.എൽ.എ. ശിലാസ്ഥാപന ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡണ്ട് എ. ശൈലജ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി. റംല, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ, ആരോഗ്യ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എൻ.പ്രസീത, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. ശശിധരൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എ. ലെജിത പദ്ധതി വിശദീകരിച്ചു. ബിഡിഒ - ടിഡി തോമസ് സ്വാഗതവും, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ കെ.കെ.ബിനീഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി സന്തോഷ്, പി. സതി, കെ.പി യൂസഫ്, ഷീജ കാരായി, മൊകേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.സത്യൻ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ പി രിജൂല എന്നിവർ സംബന്ധിച്ചു.
പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മാലിന്യ സംസ്കരണ യൂണിറ്റ് രണ്ട് ഏക്കർ സ്ഥലത്താണ് നിർമ്മിക്കുന്നത്. നഗരസഞ്ജയ ഫണ്ടിൽ നിന്ന് 50.50 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിട നിർമ്മാണം ആരംഭിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിന് ഏകദേശം 2 കോടി രൂപ ചെലവാകുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിനായി എം.പി. ഫണ്ട്, ശുചിത്വമിഷൻ ഫണ്ട്, ഫിനാൻസ് കമ്മീഷൻ ടൈഡ് ഫണ്ട് തുടങ്ങിയ മറ്റ് ഫണ്ടുകൾ സംയോജിപ്പിച്ചു അടുത്തവർഷം പദ്ധതി പൂർത്തീകരിക്കും. പദ്ധതിയിലൂടെ പരിസര പ്രദേശങ്ങളിലെ അജൈവ മാലിന്യങ്ങൾ ശേഖരിച്ച്, അവയെ തരംതിരിച്ച് പ്ലാസ്റ്റിക് പെല്ലറ്റുകളാക്കും. ഈ പ്ലാസ്റ്റിക് പെല്ലറ്റുകൾ ഉപയോഗിച്ച് പ്ലാസ്റ്റിക് ഷീറ്റുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് വേണ്ട പൈപ്പ്, ബോക്‌സ് തുടങ്ങിയ പുനരുപയോഗ സാധനങ്ങൾ നിർമ്മിക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള നാല് പഞ്ചായത്തുകൾക്കും പുറമേ പരിസര പഞ്ചായത്തുകളിൽ നിന്നുള്ള മാലിന്യങ്ങളും, ഇവിടെ ശേഖരിച്ച് പുനരുപയോഗ വസ്‌തുക്കളായി മാറ്റുന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം ഇതിലൂടെ തൊഴിൽ സാധ്യതയും ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേൽനോട്ടത്തിലാണ് നടക്കുക.
2 Crore Pannoor Block Panchayat - Vallayai Navodayakunl Waste Management Unit laid foundation stone