അനശ്വര പ്രണയകഥയിലെ’ ഈ നായിക കോടീശ്വരി, പ്രിയദർശിനി ടീച്ചർ ലോക്കോ പൈലറ്റിനെ തേടി നടക്കുന്ന ‘കാമുകി’യല്ല! വാസ്തവം അന്വേഷിച്ചപ്പോൾ അറിഞ്ഞത് അത്ഭുതകഥ..

By | Tuesday July 23rd, 2019

SHARE NEWS

 

‘അഗാധമായി സ്നേഹിച്ചവൻ ട്രാക്കിൽ ചതഞ്ഞരഞ്ഞപ്പോൾ മനസിന്റെ സമനില തെറ്റിയവൾ. ഓർമ്മകളിൽ മരിക്കാത്തവൻ തന്റെയരികിൽ ഉണ്ടെന്ന് നിനച്ച് ഇന്നും അവനു വേണ്ടി അണിഞ്ഞൊരുങ്ങുന്നവൾ.’ ആരൊക്കെയോ കരുതിക്കൂട്ടി തയ്യാറാക്കിയ ആ കെട്ടുകഥയിലെ നായിക വേഷം കെട്ടിയാടാനായിരുന്നു പ്രിയദർശിനി ടീച്ചർക്ക് വിധി. ലോക്കോ പൈലറ്റായ കാമുകനെയോർത്ത് അവർ കണ്ടു മുട്ടാറുള്ള തലശ്ശേരി റെയിൽവേസ്റ്റേഷനിൽ അവർ തിരിഞ്ഞു നടപ്പാണ് എന്ന് കേൾക്കേണ്ട താമസം പ്രണയജീവികൾ കോരിത്തരിച്ചു. നഷ്ടപ്രണയ കഥകളുടെ ലോകത്ത് പ്രിയദർശിനി ടീച്ചറെ വാഴ്ത്തപ്പെട്ടവളായി അവരോധിച്ചു. പ്രിയദർശിനി ടീച്ചറുടെ പ്രണയവും അവർക്ക് ചാർത്തിക്കൊടുത്ത ഭ്രാന്തും കേട്ട കഥകൾക്ക് എരിവും പുളിയുമായി.

ഇനി നിർത്താം ആ പഴങ്കഥ. സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രചരിക്കും പോലെ നഷ്ട പ്രണയകഥയിലെ ഭ്രാന്തിയായ നായികയല്ല അവർ. പ്രിയപ്പെട്ടവന്റെ മരണം സമ്മാനിച്ച വേദനയും ഉള്ളിലേറ്റി ശിഷ്ട ജീവിതം ഒരു പശ്ചാതാപം പോലെ അലഞ്ഞു തീർക്കാൻ തീരുമാനിച്ചിറങ്ങിയവളുമല്ല. നമ്മൾ ഇതുവരെ കണ്ടതും അറിഞ്ഞതുമല്ല യഥാർത്ഥ പ്രിയദർശിനി ടീച്ചർ. ഇന്നലെ ടീച്ചറുടെ ജീവിതം സിനിമയാക്കുന്ന വാർത്ത വനിത ഓൺലൈൻ പങ്കുവച്ചപ്പോൾ അതിനു ചുവടിൽ വന്ന കമന്റുകളിൽ ചിലതെങ്കിലും ഇതിന്റെ ആധികാരികത ചോദ്യം ചെയ്യുന്നതായിരുന്നു. തുടർന്നു ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ പുറത്തു വന്നത് മനസു പോലും മരവിച്ചു പോകുന്ന, സിനിമയെ വെല്ലുന്ന മറ്റൊരു കഥ.

ആ കഥ പറയുന്നത് അലഞ്ഞ് തിരിഞ്ഞ് ജീവിതം ഒടുങ്ങിപ്പോകുമായിരുന്ന ഒരു ‘വൃദ്ധയ്ക്ക്’ അഭയം നൽകിയ ഒരു നന്മ മനസാണ്. പേര് ശംരീസ് ബക്കർ. പ്രിയദർശിനി ടീച്ചറുടെ യഥാർത്ഥ കഥ ഇതാദ്യമായി വനിത ഓൺലൈനിലൂടെ പുറത്തുവിടുകയാണ്. ടീച്ചർക്ക് താങ്ങായി ഒപ്പം നിന്ന ശംരീസ് തന്നെ പറയട്ടെ ആ കഥ.

കേട്ടതിനേക്കാളും വലുതാണ് സത്യം

ഫെയ്സ്ബുക്കിലും വാട്സ് ആപ്പിലും പ്രിയദർശിനി ടീച്ചറെക്കുറിച്ച് പ്രചരിപ്പിക്കുന്നവർക്ക് അവരെക്കുറിച്ച് ഒരു ചുക്കും അറിയില്ല. ടീച്ചർക്ക് പ്രണയമുണ്ടോ. അവർക്ക് ഭ്രാന്തുണ്ടോ. എന്നതെല്ലാം അവിടെ നിൽക്കട്ടെ. തുടങ്ങേണ്ടത് ഒരു സോഷ്യൽ മീഡിയയും കടന്നു ചെല്ലാത്ത അവരുടെ ജീവിതത്തിൽ നിന്നു തന്നെയാണ്. ചില്ലറ തുട്ടുകൾക്കു വേണ്ടി തെരുവുകൾ തോറും അലഞ്ഞു നടക്കുന്ന ഭ്രാന്തിയാണ് അവർ എന്നു കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി.

ദിവസവും തലശേരി ടൗണിലും റെയിൽവേ സ്റ്റേഷനിലും പ്രത്യക്ഷപ്പെടുന്ന ഒരു ‘ഭ്രാന്തിയായ സ്ത്രീ’. എന്ന കൗതുകമായിരുന്നു ആദ്യം. ഞാനുൾപ്പെടുന്ന അത്താഴക്കൂട്ടം എന്ന സന്നദ്ധ സംഘടനയിലൂടെ പുനരധിവസിപ്പിക്കാം എന്നു ഞങ്ങൾ തീരുമാനമെടുത്തു. തെരുവിൽ അലഞ്ഞു തിരിയുന്നവരെ പുനരധിവസിപ്പിക്കുന്ന സംഘടനയാണ് ഞങ്ങളുടേത്. ടീച്ചറെ സൂക്ഷ്മമായി വീക്ഷിച്ചപ്പോൾ എവിടെയോ എന്തൊക്കെയോ രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് തുടക്കത്തിൽത്തന്നെ മനസിലായി. മോശമല്ലാത്ത രീതിയിൽ മേയ്ക്ക് അപ് ചെയ്ത്, ബാഗും തൂക്കി അവർ റെയിൽവേ സ്റ്റേഷനിൽ വന്ന് വെള്ളം ശേഖരിക്കുകയാണ്. ഒരു ഉൾവിളിയുടെ പുറത്താകണം ഞാൻ അവരെ പിന്തുടരാൻ തീരുമാനിച്ചു. അവർ എവിടെ നിന്നാണ് വരുന്നതെന്ന് അറിയണമല്ലോ? ദിവസങ്ങളോളം പുറകേ നടന്നിട്ടും അവരുടെ വേരുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.

ആരോ പറഞ്ഞാണ് അറിഞ്ഞത്, തലശ്ശേരിയിലുള്ള ഒരു ഫാൻസി ഷോപ്പിൽ നിന്ന് സ്ഥിരം മേക്കപ്പ് സാധനങ്ങൾ വാങ്ങാറുണ്ടത്രേ. ഹേമ ആന്റി എന്നു നാട്ടുകാർ വിളിക്കുന്ന ലേഡീസ് സ്‌റ്റോർ ഉടമയെ കണ്ട് സംസാരിച്ചാൽ ടീച്ചറെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന് തോന്നി. പൂർണമായിട്ടല്ലെങ്കിലും ആ ശ്രമം വിജയിച്ചു. എല്ലാ ദിവസവും അവർ ആ ഷോപ്പിൽ എത്താറുണ്ടത്രേ. പണം കൃത്യമായി കൊടുത്ത് അവർക്കു വേണ്ട ലിപ്സ്റ്റിക്ക് ഉൾപ്പെടെയുള്ള മേക്കപ്പ് സാധനങ്ങൾ വാങ്ങും. ഏതെങ്കിലും ഒരു ദിവസം കടം പറഞ്ഞാലും അടുത്ത ദിവസം മുടങ്ങാതെ ആ പണം എത്തിക്കും. തലയ്ക്ക് സുഖമില്ലാത്ത ഒരാളിന് ഇത്രയും കൃത്യമായി സാമ്പത്തിക ഇടപാട് നടത്താനാകുമോ? വളരെ നോർമലായിട്ടാണ് ആ കടക്കാരിയോട് അവർ ഇടപെടുന്നതു പോലും. അവർ‌ മുഖാന്തിരം ടീച്ചറുമായി അടുക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. അവിടെ തുറക്കുകയാണ്, പ്രിയദർശിനി ടീച്ചറെന്ന വലിയ രഹസ്യത്തിലേക്കുള്ള വഴി.

പ്രേത ഭവനത്തിൽ ഏകാകിയായി

തലശ്ശേരി പട്ടണത്തിന്റെ കണ്ണായ ഭാഗത്ത്, ഡിവൈഎസ്പി ഓഫീസിന്റെ എതിർവശം നാല് കോടി രൂപയോളം വിലമതിക്കുന്ന വീട് ഉൾപ്പെടുന്ന വസ്തു വകകളുടെ ഉടമസ്ഥയാണ് നിങ്ങളീ പറയുന്ന ഭ്രാന്തിയായ ടീച്ചർ! കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ…? അവിടെയൊരു വലിയ വീട്. അതിനെ വീടെന്നൊന്നും പറയാൻ കഴിയില്ല. ഒരു പ്രേത ഭവനം! അവിടെ ഒറ്റയ്ക്ക് താമസിക്കുകയാണ് ഇവർ. കൂട്ടിന് ആളില്ല. അവിടുത്തെ അടുക്കളയോ ശൗചാലയമോ ഒന്നും വർഷങ്ങളായി ഉപയോഗിച്ചിട്ടു കൂടിയില്ല. എന്നെ ഞെട്ടിച്ച രണ്ടാമത്തെ സംഗതി അതായിരുന്നു. നാട്ടുകാർ ഭ്രാന്തിയെന്ന് മുദ്രകുത്തിയ ഒരു സ്ത്രീക്ക് കോടികളുടെ സ്വത്തുക്കളോ? അതോടെ അന്വേഷണം കുടുതൽ സങ്കീർണമായി.

കോയിൻ ബൂത്തിലെ സ്ഥിരം കോൾ

തലശേരി ടൗണിലെ ഒരു കോയിൻ ബൂത്തിൽ നിന്നും അവർ സ്ഥിരം ആരെയോ സ്ഥിരം ഫോൺ ചെയ്യാറുണ്ടെന്ന് ചില പ്രദേശവാസികൾ പറഞ്ഞു. ഒരിക്കൽ അവര്‍ ഫോൺ കട്ട് ചെയ്ത തക്കത്തിന് ഞാൻ അവർ വിളിച്ച നമ്പർ റീ ഡയൽ ചെയ്തു. മറുതലയ്ക്കൽ ഫോണെടുത്തത് ഒരു സ്ത്രീയാണ്. പ്രിയദർശിനി ടീച്ചറെക്കുറിച്ച് അറിയാനാണ് വിളിച്ചതെന്ന് പറഞ്ഞപ്പോൾ അവർ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു. അവരെ ഞാൻ അപായപ്പെടുത്തുമോ, ഉപദ്രവിക്കുമോ എന്നൊക്കെയുള്ള അനാവശ്യ ഭയങ്ങൾ. ഞാൻ അവരെ ഫോളോ ചെയ്യുന്നെന്ന് മനസിലാക്കി അവർ എനിക്കെതിരെ കേസ് ഫയൽ ചെയ്തു. പക്ഷേ എന്റെ ലക്ഷ്യം മനസിലായപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ എനിക്ക് പിന്തുണയുമായെത്തി. ഒടുവിൽ ഒരു വിധം ആ സ്ത്രീയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചപ്പോൾ അവർ അയഞ്ഞു.

ടീച്ചർ സ്ഥിരം ഫോൺ ചെയ്യുന്ന ആ സ്ത്രീ അവരുടെ അനുജത്തിയാണ്. മാഹിയിൽ വലിയൊരു വീട്ടിൽ ഒറ്റയ്ക്കാണ് അവരും താമസിക്കുന്നത്. ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ്. ടീച്ചർക്ക് ചെലവിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള പണം നൽകുന്നത് ഇവരാണ്. ഒരു വലിയ കുടുംബത്തിലെ കണ്ണിയാണ് പ്രിയദർശിനി ടീച്ചറെന്ന് ആ സ്ത്രീയാണ് പറഞ്ഞത്. മികച്ച ജീവിത പശ്ചാത്തലവും വിദ്യാഭ്യാസവുമൊക്കെയുള്ള പ്രിയദർശിനി തന്നെയാണ് മാഹിയില്‍ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചതും. അങ്ങനെയാണ് പേരിനൊപ്പം ടീച്ചർ വന്നത്. നാട്ടുകാരിട്ട വിളിപ്പേരാണ് പ്രിയദർശിനി ടീച്ചർ. ബന്ധുക്കളും സഹോദരങ്ങളും മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ നല്ല നിലയിലാണ്. പലരും സാമ്പത്തികമായി വലിയ നിലയിൽ. അവർ ആരും തിരിഞ്ഞു നോക്കാറില്ല. അങ്ങനെ നോക്കാനുള്ള ആരോഗ്യ സ്ഥിതി പലർക്കും ഇല്ല എന്നുള്ളതാണ് സത്യം. എന്ത് ചെയ്യാം ഒറ്റയ്ക്ക് ജീവിച്ചു തീർക്കുക എന്നതാണ് അവരുടെ വിധി…– ശംരിസിന്റെ വാക്കുകളിൽ വേദന.

നിഴലു പോലെ ഭയം

ദിനവും റെയിൽവേ സ്റ്റേഷനിലെത്തി ടീച്ചർ വെള്ളം ശേഖരിക്കാറുണ്ടത്രേ. അതിന്റെ കാരണം തിരക്കി ചെന്നപ്പോഴും കേട്ടും തരിച്ചു പോകുന്ന മറ്റൊരു കഥ. പലരും പറയും പോലെ നഷ്ട പ്രണയത്തിന്റെ പേരിൽ അവിവാഹിതയായി കാലം കഴിക്കുന്ന പെണ്ണല്ല അവർ. അവർ വിവാഹിതയാണ്. മൂന്ന് വർഷം മാത്രമേ ആ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളൂ. തണലാകാൻ മകനോ മകളോ ഇല്ല. വസ്തു തർക്കവുമായി ബന്ധപ്പെട്ട് ടീച്ചറുടെ ഭർത്താവിനെ ആരോ വിഷം നൽകി കൊന്നുവത്രേ. ആ പേടിയും നഷ്ടവും അവർക്കൊപ്പമുണ്ട്, തന്നേയും ആരെങ്കിലും വിഷം നൽകി കൊല്ലുമെന്ന ഭ്രാന്തമായ ചിന്ത അവരേയും വേട്ടയാടുന്നു. റെയിൽവേ സ്‌റ്റേഷനിൽ നിന്നു വെള്ളം ശേഖരിക്കുന്നതിനു കാരണവും ഈ ഭയമാണ്. വീട്ടിലെ കിണറ്റില്‍ ആരോ വിഷം കലർത്തിയിട്ടുണ്ടെന്നാണ് അവരുടെ ഭയം. ദുരൂഹതകളുറങ്ങുന്ന ടീച്ചറുടെ ജീവിതത്തിൽ വിധി ഒരുക്കിയ മറ്റൊരു തമാശയാണ് അത്.

പുതിയ തണലിലേക്ക്

ടീച്ചറുടെ കഥ കേട്ടപ്പോൾ അവർക്ക് പുതിയൊരു തണൽ നൽകണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും ഞാൻ ഉറപ്പിച്ചു. പുരുഷൻമാരെ അവർക്ക് പേടിയാണ്. ഞാൻ അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അവർ എന്നെ ആട്ടിയോടിച്ചു. പറഞ്ഞാൽ വിശ്വസിക്കില്ല ഒന്ന് അടുക്കാൻ വേണ്ടി ആഴ്ചകളോളം അവരുടെ പിന്നാലെ നടന്നു. പതിയെ ഫലം കണ്ടു തുടങ്ങി. ഞാനുൾപ്പെടുന്ന ‘അത്താഴക്കൂട്ടത്തിലെ’ പ്രവർത്തകർ മുൻകൈയ്യെടുത്ത് അവരെ വയനാടുള്ള ഒരു മെന്റൽ റീഹിബിലിറ്റേഷന്‌‍ ഹോമിലെത്തിച്ചു. നേരത്തെ അറിയിച്ചിട്ടാണ് അവിടേക്കെത്തിയത്. പക്ഷേ ടീച്ചറുടെ പ്രായവും അവസ്ഥയും കണ്ടപ്പോൾ അവര്‍ കാലുമാറി. ടീച്ചറെ അവിടെ താമസിപ്പിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. പല വഴികൾ തേടി, എല്ലാ വാതിലുകളും കൊട്ടിയടച്ചു. ഒടുക്കം കരുണയുടെ കവാടം തുറന്നത് തണൽ എന്ന സന്നദ്ധ സംഘടനയാണ്. ടീച്ചറെ അലർ ഏറ്റെടുത്തു. ശ്രുശ്രൂഷിച്ചു…പരിചരിച്ചു….എല്ലാത്തിനും മേലെ അവിടുത്തെ പ്രവർത്തകർ ടീച്ചറെ അകമഴിഞ്ഞ് സ്നേഹിച്ചു. ഒരു വസന്തം തിരികെയെത്തുന്ന പ്രതീതിയായിരുന്നു പിന്നീട്. ഇന്ന് ടീച്ചർ എല്ലാ അർത്ഥത്തിലും നോർമലാണ്. നൂറു കണക്കിന് അന്തേവാസികളുടെ സ്നേഹത്തിനു നടുക്ക്. തണൽ പ്രവർത്തകരുടെ സ്നേഹത്തിൽ അലിഞ്ഞ് ടീച്ചർ അവിടെയുണ്ട്. ആ കരുണാലയത്തിൽ. തന്നെക്കുറിച്ച്, തന്റെ ഇല്ലാത്ത പ്രണ യകഥയെക്കുറിച്ചും പുറത്തു നടക്കുന്ന ചർച്ചകൾ ഒന്നും അറിയാതെ…

Copy Vanitha👇👇☺

Tags:
English summary
Loading...
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാനൂര്‍ ന്യൂസിന്‍റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read