കണ്ണൂര്‍: അഞ്ച് വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്കല് നാളെ. ജില്ലയില്‍ അഞ്ച് വയസ്സിനു താഴെയുള്ള 1,86,795 കുട്ടികള്‍ക്കും ഇതരസംസ്ഥാനത്തുനിന്നുള്ള 1416 കുട്ടികള്‍ക്കുമാണ് തുള്ളിമരുന്ന് നല്‍കാനുള്ളതെന്ന് ഡിഎംഒ കെ നാരായണ നായ്ക് അറിയിച്ചു. ദേശീയ പള്‍സ് പോളിയോ ദിനത്തില്‍ ജനിച്ച കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ എല്ലാ നവജാതശിശുക്കള്‍ക്കും വാക്സിന് നല്‍കണം. ഇത് തീര്‍ത്തും സുരക്ഷിതമാണ്. ജില്ലാതല ഉദ്ഘാടനം രാവിലെ എട്ടിന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിക്കും. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെയാണ് മരുന്ന് നല്‍കുക. വിട്ടുപോയവര്‍ക്ക് തുടര്‍ദിവസങ്ങളില്‍ വീടുകളിലെത്തി മരുന്ന് കൊടുക്കും.
ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, നേഴ്സിങ് വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാപ്രതിനിധികള്‍ തുടങ്ങി പ്രത്യേക പരിശീലനം നേടിയ വളണ്ടിയര്‍മാരും സൂപ്പര്‍വൈസര്‍മാരും വാക്സിന് വിതരണത്തില്‍ പങ്കാളികളാകും. സര്‍ക്കാര്‍ ആശുപത്രികള്‍, സിഎച്ച്സികള്‍, എഫ്എച്ച്സികള്‍, പിഎച്ച്സികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലായി 1901 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ 54 ട്രാന്‍സിറ്റ് ബൂത്തുകളും 112 മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. വയറിളക്കമോ മറ്റ് രോഗങ്ങളോ ഉള്ള കുട്ടികള്‍ക്കും പോളിയോ വാക്സിന് കൊടുക്കാം. പോളിയോ കൊടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റ് രോഗങ്ങള്‍ക്കുള്ള മരുന്നും കൊടുക്കാം.