---
title: "പാനൂർ ബ്ലോക്ക് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് വലിയാണ്ടി പീടികയിൽ പ്രതിഷേധ ധർണ ; മൈക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം"
english_title: "Protest dharna at Valiandi Peetika today under the leadership of Panur Block Congress;Mike protested the denial of permission"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/98564/protest-dharna-at-valiandi-peetika-today-under-the-leadership-of-panur-block-congressmike-protested-the-denial-of-permission"
published_at: "2023-02-21T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f46b2e159b0_41e4dda1-88fd-4aef-9227-ab907a35c759.jpg"
keywords: []
---

# പാനൂർ ബ്ലോക്ക് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഇന്ന് വലിയാണ്ടി പീടികയിൽ പ്രതിഷേധ ധർണ ; മൈക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധം

> **Lead Summary:** പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് ഹാഷിം അക്രമിക്കപ്പെട്ട വലിയാണ്ടി പീടികയിൽ പ്രതിഷേധ സംഗമവും ജനകീയ കൂട്ടായ്മയും നടത്തും. കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധ പരിപാടിക്ക് പൊലീസ് മൈക്ക് പെർമിഷൻ നിഷേധിച്ചിരിക്കുകയാണ്.

## Article Content

പാനൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.പി.ഹാഷിമിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 4 മണിക്ക് ഹാഷിം അക്രമിക്കപ്പെട്ട വലിയാണ്ടി പീടികയിൽ പ്രതിഷേധ സംഗമവും ജനകീയ കൂട്ടായ്മയും നടത്തും. കെ.മുരളീധരൻ എം പി ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധ പരിപാടിക്ക് പൊലീസ് മൈക്ക് പെർമിഷൻ നിഷേധിച്ചിരിക്കുകയാണ്.

ആർ.എസ്.എസുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും, ഇതിൻ്റെ ഭാഗമായാണ് മൈക്ക് പെർമിഷൻ നിഷേധിച്ചതെന്നും കോൺഗ്രസ് നേതാക്കളായ ഡി.സി.സി സെക്രട്ടറി കെ.പി സാജു, കെ.പി.സി.സി നിർവാഹക സമിതിയംഗം വി. സുരേന്ദ്രൻ എന്നിവർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഹാഷിം കേസിൽ പോലീസിൻ്റെ ഭാഗത്ത് ഗുരുതര വീഴ്ച്ചയാണ് സംഭവിക്കുന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് ആർ.എസ്.എസ് ക്രിമിനലുകൾ ഹാഷിമിനെ ആക്രമിച്ചത്. തന്നെ അക്രമിച്ച ഏഴു പേരുടെ വിവരങ്ങൾ ഹാഷിം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ അറസ്റ്റ് ചെയ്ത നാല് പേരിൽ കേസ് ഒതുക്കാനാണ് പോലീസ് ശ്രമിക്കുന്നത്. മറ്റ് പ്രദേശങ്ങളിൽ നിന്ന് പോലും അക്രമത്തിൽ പങ്കെടുത്തവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇത് ഈ കേസിലെ ഗൂഢാലോചനയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അത് അന്വേഷിക്കാൻ എന്തുകൊണ്ടാണ് പോലീസ് മടിക്കുന്നത്. പോലീസ് ആർ.എസ്.എസിന് വിധേയമായി പ്രവർത്തിക്കുന്നതും ഇതിൽ സി.പി.എം മൗനം പാലിക്കുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണുന്നത്. പന്ന്യന്നൂർ ക്ഷേത്ര അക്രമവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകരെ മൈസൂരിൽ പോലും പോയി അറസ്റ്റ് ചെയ്ത പോലീസ് പ്രതികളായ ആർ എസ് എസ്സുകാരെ അറസ്റ്റ് ചെയ്യാൻ മടിക്കുകയാണ്.

ചൊവ്വാഴ്ച നടക്കുന്ന പ്രതിഷേധ പരിപാടിക്ക് പോലീസ് മൈക്ക് പെർമിഷൻ നിഷേധിച്ചിരിക്കുകയാണ്. ആർ.എസ്.എസുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും പ്രതിഷേധിക്കാൻ ഉള്ള അവസരം പോലും നൽകാതെ ജനാധിപത്യവിരുദ്ധ സമീപനമാണ് പോലീസ് കൈക്കൊള്ളുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഡി സി സി സെക്രട്ടറി സന്തോഷ് കണ്ണം വള്ളി, പെരിങ്ങളം മണ്ഡലം പ്രസിഡൻ്റ് സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/98564/protest-dharna-at-valiandi-peetika-today-under-the-leadership-of-panur-block-congressmike-protested-the-denial-of-permission)