---
title: "അണ്ടലൂർ ക്ഷേത്രത്തിൻ്റെ പ്രാധാന്യം കേട്ടറിഞ്ഞു,  എത്താനായതിൽ  അഭിമാനമെന്നും  ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ;  ഊട്ടുപുരയിലെ ചുമരിൽ  തയ്യാറാക്കിയ  പ്രധാന ആരാധന മൂർത്തികളുടെ കൂറ്റൻ ചിത്രം അനാച്ഛാദനം ചെയ്തു"
english_title: "District Collector S. heard the importance of the Andalur temple and was proud to be able to reach it."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/97348/district-collector-s-heard-the-importance-of-the-andalur-temple-and-was-proud-to-be-able-to-reach-it"
published_at: "2023-02-16T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed96704f125_3fa75811-835a-446e-8176-1918a4cce2e8.jpg"
keywords: []
---

# അണ്ടലൂർ ക്ഷേത്രത്തിൻ്റെ പ്രാധാന്യം കേട്ടറിഞ്ഞു,  എത്താനായതിൽ  അഭിമാനമെന്നും  ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ;  ഊട്ടുപുരയിലെ ചുമരിൽ  തയ്യാറാക്കിയ  പ്രധാന ആരാധന മൂർത്തികളുടെ കൂറ്റൻ ചിത്രം അനാച്ഛാദനം ചെയ്തു

> **Lead Summary:** പ്രശസ്ത ചിത്രകാരൻ ബി ടി കെ അശോകാണ് ദൈവത്താറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങൾ മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന മനോഹര ചിത്രം വരച്ചത്. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ് അനാഛാദന കർമ്മം നിർവഹിച്ചു. അണ്ടല്ലൂർ ക്ഷേത്രത്തിൻ്റെ പ്രാധാന്യം കേട്ടറിഞ്ഞതേയുള്ളൂ.

## Article Content

പ്രശസ്ത ചിത്രകാരൻ ബി ടി കെ അശോകാണ് ദൈവത്താറീശ്വരൻ, അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങൾ മുഖത്തെഴുത്തും ആടയാഭരണങ്ങളും അണിഞ്ഞ് നിൽക്കുന്ന മനോഹര ചിത്രം വരച്ചത്. ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഐ.എ.എസ് അനാഛാദന കർമ്മം നിർവഹിച്ചു. അണ്ടല്ലൂർ ക്ഷേത്രത്തിൻ്റെ പ്രാധാന്യം കേട്ടറിഞ്ഞതേയുള്ളൂ.

അത്തരമൊരു ക്ഷേത്രത്തിൽ എത്താനായതിൽ ഏറെ സന്തോഷമുണ്ട്. ഹരിത പ്രോട്ടോകോൾ പാലിച്ചാണ് ഇത്തരമൊരു വലിയ ഉത്സവം നടക്കുന്നതെന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും കലക്ടർ പറഞ്ഞു. ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ രവി അധ്യക്ഷനായി. ചിത്രകാരൻ പൊന്ന്യം ചന്ദ്രൻ ചിത്ര നിരൂപണം നിർവഹിച്ചു.

ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ചാലാടൻ വിജയൻ, സെക്രട്ടറി കെ.വേലായുധൻ, പുന:പ്രതിഷ്ഠാ കമ്മിറ്റി ചെയർമാൻ അഡ്വ. ആലക്കാടൻ സതീശൻ, വാർഡംഗം പി. രമ്യ , പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്ക്കരനച്ഛൻ, അഡ്വ കെ. രമേശൻ എന്നിവർ സംസാരിച്ചു. ചിത്രകാരൻ ബി.ടി.കെ അശോക് വരയനുഭവം പങ്കുവച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് പറമ്പത്ത് സ്വാഗതവും, പാരമ്പര്യേതര ട്രസ്റ്റി പാലക്കണ്ടി വിനോദൻ നന്ദിയും പറഞ്ഞു.

10 ദിവസമെടുത്താണ് കൂറ്റൻ ചിത്രം പൂർത്തിയാക്കിയത്. ബി. ടി.കെ അശോകിന് സഹായിയായി വിനേഷ് കാർത്തികയും ഒപ്പമുണ്ടായിരുന്നു. ധർമ്മടം സ്വദേശി അരിക്കോത്തൻ രാമചന്ദ്രനാണ് ഈ ആശയം മുന്നോട്ട് വച്ചത്. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇവരുടെ പിന്തുണയോടെ ചിത്രം വരയ്ക്കാനായി ബിടി കെ അശോകിനെ ചുമതലപ്പെടുത്തി. 15 അടി ഉയരവും 10 അടി വീതിയുമാണ് ചിത്രത്തിനുള്ളത്.

അക്രലിക്ക് മീഡിയത്തിൽ വരക്കുന്നതിനാലും ഊട്ടുപുരയ്കകത്തെ ചുമരിൽ മഴയും വെയിലും ഏൽക്കാത്തതിനാലും ചിത്രം കാലങ്ങളാളം നിലനിൽക്കുമെന്ന ബിടികെ അശോക് പറഞ്ഞു. ആരാധന മൂർത്തികൾക്കൊപ്പം തന്നെ ഭക്തരുടെ സാനിധ്യവും ക്ഷേത്രത്തിലെ അച്ഛൻമാരും കുളുത്താറ്റിയവരുമുള്ള മെയ്യാൽ കൂടൽ കൂടി കൂറ്റൻ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/97348/district-collector-s-heard-the-importance-of-the-andalur-temple-and-was-proud-to-be-able-to-reach-it)