---
title: "അണ്ടലൂരുണർന്നു ;  ഇനിയുള്ള ഏഴു നാൾ ദേവന് സ്വയം സമർപ്പിതം"
english_title: "Andalururan ;The next seven days are dedicated to God"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96907/andalururan-the-next-seven-days-are-dedicated-to-god"
published_at: "2023-02-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb328619cc6_440d3061-57b2-43c1-a10e-564d93972202.jpg"
keywords: []
---

# അണ്ടലൂരുണർന്നു ;  ഇനിയുള്ള ഏഴു നാൾ ദേവന് സ്വയം സമർപ്പിതം

> **Lead Summary:** **അണ്ടലൂർ**: ആണ്ടുത്സവത്തിന് കേളികൊട്ടുയർന്ന അണ്ടലൂർ ദൈവത്താനീശ്വരന് സ്വയം സമർപ്പിക്കാൻ ധർമ്മ പട്ടണമെന്ന ഖ്യാതിയുള്ള ധർമ്മടം ഗ്രാമത്തിലെ നാല് ഊരുകാരും കഠിന വ്രതം തുടങ്ങി.

## Article Content

**അണ്ടലൂർ**: ആണ്ടുത്സവത്തിന് കേളികൊട്ടുയർന്ന അണ്ടലൂർ ദൈവത്താനീശ്വരന് സ്വയം സമർപ്പിക്കാൻ ധർമ്മ പട്ടണമെന്ന ഖ്യാതിയുള്ള ധർമ്മടം ഗ്രാമത്തിലെ നാല് ഊരുകാരും കഠിന വ്രതം തുടങ്ങി.

പിഴവില്ലാതെ തനി സസ്യഭുക്കുകളാവുന്ന ദേശക്കാർ ഒന്നാകെ ഇനിയുള്ള ഏഴു നാൾ രാപകൽ ഭേദമില്ലാതെ ദൈവത്താറീശ്വര സന്ധി തൊട്ടു വണങ്ങാനെത്തും.

ധർമ്മടം, അണ്ടലൂർ, പാലയാട്, മേലൂർ ഭാഗത്തെ പ്രധാന കച്ചവടകേന്ദ്രങ്ങളിലും, ദേവഭോജ്യ നൈവേദ്യ വസ്തുക്കളായ പഴക്കുലകളും അവിലും മലരും എത്തിക്കഴിഞ്ഞു.

ആചാര ചടങ്ങിൻ്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന തേങ്ങ താക്കൽ ചടങ്ങോടെ ക്ഷേത്ര നഗരി ഉണർന്നു. പനോളി മുകുന്ദനച്ഛൻ, തട്ടാലിയത്ത് ഗിരീശനച്ഛൻ, വളപ്പിൽ ഭാസ്ക്കരൻ എന്നിവരുടെ കാർമ്മികത്വത്തിൽ തേങ്ങ താക്കൽ ചടങ്ങ് നടത്തി. ക്ഷേത്രക്കമ്മിറ്റി അംഗങ്ങളും, ഭാരവാഹികളും, പാരമ്പര്യ ഊരാളന്മാരും ചടങ്ങിൽ പങ്കെടുത്തു. ക്ഷേത്രാവശ്യത്തിനുള്ള തേങ്ങ സമീപത്തെ പറമ്പിലും വീടുകളിൽ നിന്ന് ശേഖരിക്കും. നാളെയാണ് ചക്ക കൊത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96907/andalururan-the-next-seven-days-are-dedicated-to-god)