---
title: "കാലാവസ്ഥാ കേന്ദ്രം ;കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൽ 17ന് ഉദ്ഘാടനം"
english_title: "Meteorological Center: Inauguration on 17th at Nambiars Higher Secondary School, Kariad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96872/meteorological-center-inauguration-on-17th-at-nambiars-higher-secondary-school-kariad"
published_at: "2023-02-14T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eb2cc030a49_Untitled-1_copy.jpg"
keywords: []
---

# കാലാവസ്ഥാ കേന്ദ്രം ;കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൽ 17ന് ഉദ്ഘാടനം

> **Lead Summary:** **പെരിങ്ങത്തൂർ: **കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാകേന്ദ്രം സജ്ജമായി.കേന്ദ്രത്തിന്റെ ഉദ്ഘാടനം 17-ന് റവന്യൂമന്ത്രി കെ.രാജൻ നിർവഹിക്കും. ഭൂമിശാസ്ത്രം മുഖ്യവിഷയമായിട്ടുള്ള സ്കൂളുകളിൽ പഠനപ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് സർക്കാറിന്റെ പ്രത്യേക പദ്ധതിയായ 'വെതർ സ്റ്റേഷനു'കൾ സ്ഥാപിക്കുന്നത്.

## Article Content

**പെരിങ്ങത്തൂർ: **കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂളിൽ കാലാവസ്ഥാകേന്ദ്രം സജ്ജമായി.കേന്ദ്രത്തിന്റെ ഉദ്ഘാടനം 17-ന് റവന്യൂമന്ത്രി കെ.രാജൻ നിർവഹിക്കും. ഭൂമിശാസ്ത്രം മുഖ്യവിഷയമായിട്ടുള്ള സ്കൂളുകളിൽ പഠനപ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിലാണ് സർക്കാറിന്റെ പ്രത്യേക പദ്ധതിയായ 'വെതർ സ്റ്റേഷനു'കൾ സ്ഥാപിക്കുന്നത്.

പ്രാദേശിക കാലാവസ്ഥാമുന്നറിയിപ്പും ദിനാന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും രേഖപ്പെടുത്തുന്നതിനും നിശ്ചിത കാലാവസ്ഥാ ഡേറ്റകൾ തയ്യാറാക്കുന്നതിനും കേന്ദ്രം ഉപകരിക്കും. സ്കൂളിനോടുചേർന്നുള്ള കുന്നിൻചെരിവിലാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.

മഴമാപിനി, അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്ററുകൾ, അന്തരീക്ഷ ആർദ്രത അളക്കുന്നതിനുള്ള 'വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ', കാറ്റിന്‍റെ ദിശ അറിയുന്നതിനുളള 'വിൻഡ് വെയ്ൻ', കാറ്റിന്‍റെ വേഗം അളക്കുന്ന 'കപ്പ് കൗണ്ടർ അനിമോമീറ്റർ' തുടങ്ങി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങൾ തന്നെയാണ് സ്കൂൾ വെതർ സ്റ്റേഷനുകളിലും സ്ഥാപിക്കുന്നത്. അനുഹർഷ്, അനശ്വര, കെ.എം.അഭിനവ്, കെ. ഹാഷ്, കെ.സാനിയ ശ്യാം കൃഷ്ണ എന്നീ പ്ലസ്ടു വിദ്യാർഥികൾക്കാണ് കേന്ദ്രത്തിന്റെ നേതൃത്വം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96872/meteorological-center-inauguration-on-17th-at-nambiars-higher-secondary-school-kariad)