---
title: "ഇനി കാത്തിരിക്കില്ല; വ്യാപാരസമുച്ചയം പൊളിച്ചു- ചെയർമാൻ വി. നാസർ"
english_title: "No more waiting;The commercial complex was demolished- Chairman V.Nasser"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96230/no-more-waitingthe-commercial-complex-was-demolished-chairman-vnasser"
published_at: "2023-02-11T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e711650d6ac_Untitled-1_copy.jpg"
keywords: []
---

# ഇനി കാത്തിരിക്കില്ല; വ്യാപാരസമുച്ചയം പൊളിച്ചു- ചെയർമാൻ വി. നാസർ

> **Lead Summary:** പാനൂർ: അപകടാവസ്ഥയിലുള്ള പാനൂർ ടൗണിലെ വ്യാപാരസമുച്ചയം പൊളിച്ചുമാറ്റാൻ നടപടികൾ തുടങ്ങിയതായി നഗരസഭാ ചെയർമാൻ വി. നാസർ . റോഡ് വികസന വിഷയം കൂടി പരിഗണിച്ച് പുതിയ സമുച്ചയം നിർമിക്കുമെന്നും ചെയർമാൻ പറഞ്ഞു.

## Article Content

പാനൂർ: അപകടാവസ്ഥയിലുള്ള പാനൂർ ടൗണിലെ വ്യാപാരസമുച്ചയം പൊളിച്ചുമാറ്റാൻ നടപടികൾ തുടങ്ങിയതായി നഗരസഭാ ചെയർമാൻ വി. നാസർ . റോഡ് വികസന വിഷയം കൂടി പരിഗണിച്ച് പുതിയ സമുച്ചയം നിർമിക്കുമെന്നും ചെയർമാൻ പറഞ്ഞു.

1991-ൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ ദ്രവിച്ചുവീഴാൻ തുടങ്ങിയിട്ട് നാലുവർഷത്തോളമായി. ഈ കെട്ടിടത്തിന്റെ തറനിരപ്പിലാണ് മീൻചന്ത പ്രവർത്തിച്ചുവന്നിരുന്നത്. ഒന്നരവർഷം മുമ്പ് കെട്ടിടത്തിന്റെ തൂണുകളുടെയും മുകളിലെ സ്ലാബിന്റെയും ദ്രവിച്ച അടരുകൾ വീഴാൻ തുടങ്ങിയതോടെയാണ് മീൻചന്ത ഒഴിവാക്കിയത്. മറ്റൊരു സ്ഥലം കണ്ടെത്താനാകാത്ത സ്ഥിതിയിൽ തൊട്ടടുത്ത മുറി വാടകയ്ക്കെടുത്താണ് കച്ചവടക്കാർ മീൻവില്പന നടത്തുന്നത്.

ചന്ത ഇല്ലാതായതോടെ മീൻവില്പന കുറയുകയും എട്ട് തൊഴിലാളികൾക്ക് ജോലി ഇല്ലാതായതായും കച്ചവടക്കാർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ കെട്ടിടത്തിന്റെ സൺഷൈഡിൽനിന്ന് ദ്രവിച്ച കോൺക്രീറ്റ് കഷണങ്ങൾ നടപ്പാതയിൽ വീഴുകയുണ്ടായി. പുലർച്ചെയായതിനാൽ അപകടം ഒഴിവായി.

തുടർന്ന് 11 മണിയോടെ ആധാരം എഴുത്ത് ഓഫീസുകളിലും മറ്റു കടകളിലും എത്തിയ നഗരസഭാ അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിൽ ജീവനക്കാർ പ്രതിഷേധിച്ചു. പത്തും ഇരുപതും ആൾക്കാർ ഉൾപ്പെടുന്ന ആധാരം രജിസ്ട്രേഷൻ തടസ്സപ്പെട്ടുപോകുമെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ജീവനക്കാർ പരാതിപ്പെട്ടു.

കെട്ടിടം അപകടാവസ്ഥയിലായതിനാൽ പലതവണ കെട്ടിടം ഒഴിയാനായി ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നതായി ചെയർമാൻ വി. നാസർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96230/no-more-waitingthe-commercial-complex-was-demolished-chairman-vnasser)