---
title: "മയ്യഴിപ്പുഴയോര ടൂറിസം പദ്ധതി; ബജറ്റിൽ ഒരു കോടി രൂപ"
english_title: "1 crore in the budget for Mayyazhipuzha tourism project"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/96014/1-crore-in-the-budget-for-mayyazhipuzha-tourism-project"
published_at: "2023-02-10T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63e5d2ed8ee5e_Untitled-1_copy.jpg"
keywords: []
---

# മയ്യഴിപ്പുഴയോര ടൂറിസം പദ്ധതി; ബജറ്റിൽ ഒരു കോടി രൂപ

> **Lead Summary:** ന്യൂ മാഹി :അഴീക്കൽ ബീച്ചിലെ പ്രകൃതിദത്തമായ പാറക്കെട്ടായ കൊതകൊത്തി പാറയിൽനിന്ന് ആരംഭിച്ച് പെരിങ്ങാടിയിൽ നിർമിച്ച ന്യൂമാഹി ബോട്ട് ടെർമിനൽ വരെ ആകർഷകമായ നിലയിൽ വോക്ക് വേയും സൗന്ദര്യവൽക്കരണവുമടങ്ങിയ മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി.

## Article Content

ന്യൂ മാഹി :അഴീക്കൽ ബീച്ചിലെ പ്രകൃതിദത്തമായ പാറക്കെട്ടായ കൊതകൊത്തി പാറയിൽനിന്ന് ആരംഭിച്ച് പെരിങ്ങാടിയിൽ നിർമിച്ച ന്യൂമാഹി ബോട്ട് ടെർമിനൽ വരെ ആകർഷകമായ നിലയിൽ വോക്ക് വേയും സൗന്ദര്യവൽക്കരണവുമടങ്ങിയ മയ്യഴിപ്പുഴയോര ടൂറിസം പദ്ധതിക്ക് ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തി.

ധനമന്ത്രി കെ.എൻ.ബാലഗോപാൽ മറുപടി പ്രസംഗത്തിലാണ് മയ്യഴി വിനോദ സഞ്ചാര മേഖലയ്ക്ക് ഒരു കോടി പ്രഖ്യാപിച്ചത്. ചൊക്ലി, ന്യൂമാഹി പ്രദേശത്തെ പുഴയോരത്തെ ഉപയോഗപ്പെടുത്തി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ, ഡി.പി.ആർ. എന്നിവയ്ക്കുള്ളതാണ് ഈ തുക.

ഡി.പി.ആർ. അനുസരിച്ച് പദ്ധതി യാഥാർഥ്യമാവാൻ മതിയായ തുക സർക്കാർ അനുവദിക്കേണ്ടതുണ്ട്. മയ്യഴിപ്പുഴയോരം ഹെറിറ്റേജ് ആൻഡ് ഇക്കോ ടൂറിസം പദ്ധതി (എം.എ.എച്ച്.ഇ. പ്രൊജക്ട്) എന്നാണ് 300 കോടിയിൽപരം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ടൂറിസം വികസന പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. മലബാർ റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ന്യൂമാഹി ബോട്ട് ടെർമിനലും എം.മുകുന്ദൻ പാർക്കും അഴീക്കലിൽ കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ കൊതകൊത്തി പാറയും കുറച്ചിയിൽ കഴിഞ്ഞ കടൽക്ഷോഭത്തിൽ തകർന്ന കൊളോണിയൽ ആധിപത്യത്തിന്റെ അവശിഷ്ടമായ പഴയ വിളക്കുമരവും എല്ലാം ഈ മേഖലയിലെ ടൂറിസം മേഖലയിലെ വികസനത്തിന് സഹായകരമാകുന്ന ഘടകങ്ങളാണ്.

പുഴയിലും കടലിലും സാഹസിക ടൂറിസം പ്രോഗ്രാമുകൾ, മായം കലർത്താത്ത രുചികരമായ കടൽ വിഭവങ്ങൾ സഞ്ചാരികൾക്ക് ലഭ്യമാക്കുന്നതിനുള്ള കഫ്റ്റീരിയകൾ, കിയോസ്കുകൾ എന്നിവയും നിർമ്മിക്കും. ന്യൂമാഹി ടൗണിൽ സാംസ്കാരിക പരിപാടികൾ നടത്തുന്നതിന് ഒരു ഓപ്പൺ സ്റ്റേജും നിർമിക്കും. സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/96014/1-crore-in-the-budget-for-mayyazhipuzha-tourism-project)